SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

ആലപ്പുഴയിൽ ദേശീയപാത അതോറിട്ടി ഓഫീസ് വേണം

ആലപ്പുഴ : ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന ജില്ലയിൽ ദേശീയപാത അതോറിട്ടിക്ക് ഓഫീസ് ഇല്ലാത്തത് തിരിച്ചടിയാകുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ആരുമില്ലാത്തിനാൽ എല്ലാം കരാർ കമ്പനിക്ക് തോന്നിയപടിയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ഉണ്ടായിരുന്ന ഓഫീസ് ദേശീയപാത നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ കൊച്ചിയിലേക്ക് മാറ്റിയതാണ് വിനയായത്.

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാർക്കോ മറ്രേതെങ്കിലും വകുപ്പ് ഉദ്യോഗസ്ഥർക്കോ തദ്ദേശ സ്ഥാപനങ്ങൾക്കോ ജനപ്രതിനിധികൾക്കോ ആശയവിനിമയത്തിന് പോലും യാതൊരു സംവിധാനവുമില്ല. കരാർകമ്പനിയുടെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ മാത്രമാണ് സൈറ്റുകളിൽ കാണാനുള്ളത്. നിർമ്മാണത്തിനിടെ വാട്ടർഅതോറിട്ടിയുടെ പൈപ്പ് പൊട്ടലുൾപ്പെടെയുണ്ടാകുമ്പോഴാണ് നാട്ടുകാരും തദ്ദേശസ്ഥാപനങ്ങളും വാട്ടർ അതോറിട്ടിയും ദേശീയപാത അതോറിട്ടി ഓഫീസില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കഴിഞ്ഞദിവസം ആലപ്പുഴ ബൈപ്പാസിൽ ഗർഡർ തകർന്നുവീണ പ്പോൾ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരുടെ വരവിന് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്ന് പ്രോജക്ട് ഡയറക്ടർ വരേണ്ട സ്ഥിതിയാണുണ്ടായത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിൽ പേരിന് ദേശീയപാത വിഭാഗമുണ്ടെങ്കിലും ദേശീയപാത നിർമ്മാണം കേന്ദ്രത്തിന്റെ അധീനതയിലാണെന്ന് പറഞ്ഞൊഴിയുകയാണ് അവർ.

പരാതി പറയാൻ ഒരിടം വേണം

1.കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മാണം നടത്തുന്ന ദേശീയപാത ഡസൻ കണക്കിന് മേൽപ്പാലങ്ങളും അടിപ്പാതകളും ജംഗ്ഷനുകളും ചേർന്നതാണ്

2.ഗുണനിലവാരമുള്ള സാമഗ്രികളുടെയും ശാസ്ത്രീയമായ നിർമ്മാണ സംവിധാനത്തിന്റെയും മേൽനോട്ടത്തിന്റെയും അനിവാര്യതയിലേക്കാണ് കഴിഞ്ഞ ദിവസത്തെ അപകടം വിരൽ ചൂണ്ടുന്നത്

3.കഴിഞ്ഞ ദിവസം ഗർഡർ നിലത്തുവീണ സംഭവത്തിൽ ആളപായമൊഴിവായതിൽ മാത്രമാണ് സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ആശ്വാസം

4.നിർമ്മാണം കുറ്റമറ്റതാക്കാനും സമയ ബന്ധിതമായി പൂർത്തിയാക്കാനും ദേശീയപാത അതോറിട്ടി ഓഫീസ് ആലപ്പുഴയിൽ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം

ദേശീയ പാത ഓഫീസ് ആലപ്പുഴയിൽ നിലനിർത്തേണ്ടത് ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു സാങ്കേതിക സംഘത്തെ രൂപീകരിക്കണം.കഴിഞ്ഞദിവസമുണ്ടായ അപകടം പ്രദേശവാസികളെ അസ്വസ്ഥരാക്കുന്നതും സുരക്ഷ സംബന്ധിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നതുമാണ്

- കെ.സി.വേണുഗോപാൽ എം.പി

ദേശീയ പാത ഓഫീസ് എത്രയും വേഗം ആലപ്പുഴയിൽ പുനഃസ്ഥാപിക്കണം. മിനി സിവിൽ സ്റ്റേഷനിലെ ഓഫീസ് സംവിധാനം ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ്. ഓഫീസില്ലാത്തതിനാൽ പൊതുജനങ്ങൾക്കോ ജനപ്രതിനിധികൾക്കോ പരാതികൾ അറിയിക്കാനോ പരിഹാരം തേടാനോ കഴിയാത്ത സ്ഥിതിയാണ്

- അനിൽകുമാർ, കൊമ്മാടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL