
ആലപ്പുഴ : ഒരേസമയം അഞ്ച് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്താൻ വരെ സൗകര്യമുണ്ടെിലും ജലഗതാഗതവകുപ്പിന്റെ ആലപ്പുഴയിലെ ഡോക്കിൽ ജോലികൾ മന്ദഗതിയിൽ. പത്തിലധികം ബോട്ടുകളാണ് 12വർഷം മുമ്പ് നവീകരിച്ച ഡോക്കിൽ പണികാത്തുകിടക്കുന്നത് .
നല്ല കളക്ഷൻ കിട്ടിയിരുന്ന സീ കുട്ടനാട് ബോട്ടും ഇതിൽ ഉൾപ്പെടും.ഫൈബർ, സ്റ്റീൽ, തടി ബോട്ടുകളാണ് അറ്റകുറ്റപ്പണി കാത്തുകിടക്കുന്നത്. ചെറിയ തകരാറുകൾ പോലും യഥാസമയം പരിഹരിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മെക്കാനിക്കൽ വിഭാഗത്തിൽ ജീവനക്കാർ ഉണ്ടെങ്കിലും ഡോക്കിന്റെ മേൽനോട്ടം വഹിക്കാൻ സ്ഥിരമായി മെക്കാനിക്കൽ എൻജിനിയർ ഇല്ലാത്തതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ആറ് വർഷമായി കണ്ണൂരിലെ വർക്ക് മാനേജർക്കാണ് ആലപ്പുഴയിലെ മെക്കാനിക്കൽ എൻജിനിയറുടെ അധികച്ചുമതല. ഫോർമാനാണ് പലപ്പോഴും മേൽനോട്ടം വഹിക്കുന്നത്
മെക്കാനിക്കൽ ജോലികഴിഞ്ഞ് പെയിന്റിംഗും പൂർത്തിയാക്കിയ ശേഷമേ
ബോട്ട് സർവീസിന് ഇറക്കാൻ കഴിയൂ. ഇതിനിടയിൽ എവിടെയെങ്കിലും കാലതാമസമുണ്ടായാൽ അവിടെക്കിടന്ന് നശിക്കും. 10,000 രൂപയിൽ താഴെ അറ്റകുറ്റപ്പണി ആവശ്യമുള്ള ഒരുകോടിയോളം വിലവരുന്ന സ്റ്റീൽ ബോട്ടുവരെ ഡോക്കിൽ കിടപ്പുണ്ട്. നാലെണ്ണത്തിന്റെ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
പണി കാത്ത് പത്ത് ബോട്ടുകൾ
1. ഇരുപതുവർഷം പഴക്കമുള്ള ബോട്ടുകൾ ലേലം ചെയ്യുന്നതാണ് ജലഗതാഗതവകുപ്പിന്റെ രീതി
2. കഴിഞ്ഞ ആഗസ്റ്റിൽ 11തടിബോട്ടുകൾ ലേലം ചെയ്‌തെങ്കിലും അവ മാറ്റാത്തത് ഡോക്കിലെ സ്ഥലം അപഹരിക്കുന്നുണ്ട്
3. സർവീസിന് യോഗ്യമല്ലാത്ത പത്ത് ഫൈബർ ബോട്ടുകൾ വഴിമുടക്കികളായി ഡോക്കിൽ കിടക്കുന്നതും തടസമാണ്
4. തൃക്കുന്നപ്പുഴയിലെ പാലം നിർമ്മാണത്തിന്റെ പേരിൽ മുടങ്ങിയ കൊല്ലം - ആലപ്പുഴ സർവീസ് ബോട്ടും ഇവിടെ വിശ്രമത്തിലാണ്
ലേലം ചെയ്യുന്നതിന് ബോട്ടുകളുടെ പഴക്കം
20 വർഷം
നാല് ബോട്ടുകളുടെ ചെറുതും വലുതുമായ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. ബോട്ടുകളുടെ തകരാർ സർവീസുകളെ ബാധിച്ചിട്ടില്ല
- ജലഗതാഗത വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |