ആലപ്പുഴ : ലഹരി വിഷയത്തിൽ ആഭ്യന്തര, എക്സൈസ് വകുപ്പുകൾ അനാസ്ഥ കാട്ടുന്നെന്നാരോപിച്ച് കെ.എസ്.യു ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സമരത്തിന് പിന്നാലെ റോഡ് ഉപരോധവും നടത്തി. വനിതകളടക്കം 10 കെ.എസ്.യു പ്രവർത്തകരെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
കെ.എസ്.യു ജില്ല പ്രസിഡന്റ് എ.ഡി.തോമസ്, സംസ്ഥാന കമ്മിറ്റിഅംഗം സുറുമി ഷാഹുൽ, ജില്ല ജനറൽസെക്രട്ടറി ദേവിക സുഭാഷ്, ആര്യ കൃഷ്ണൻ, സനിക സനജൻ, ജില്ല വൈസ് പ്രസിഡന്റ് ശേഷ ഗോപൻ, രോഹിത്ത് പാറ്റൂർ, ഫ്രാൻസിസ് ജോളി, നായിഫ് നാസർ എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ ടൗൺഹാളിന് മുന്നിൽനിന്ന് തുടങ്ങിയ പ്രകടനം എക്സൈസ് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധസമരം കെ.പി.സി.സി ജനറൽസെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസംഗം കഴിഞ്ഞതോടെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ ബാരിക്കേഡ് തള്ളി മറിച്ചിടാനും മതിൽചാടികടക്കാനും ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ആശുപത്രി ഗേറ്റിന് സമീപത്തെ മതിൽവഴി അകത്തേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളികളുമായി ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ പ്രവർത്തകർ റോഡ് ഉപരോധിച്ചു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. . ഇതോടെ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |