
ആലപ്പുഴ: ഒഴിയാത്ത ആശുപത്രി വാസത്തിനൊടുവിൽ സാധാരണ ജീവിതത്തിലേക്ക് എന്ന് മടങ്ങിവരാനാകുമെന്ന അനിശ്ചിതത്വത്തിൽ തുടരുകയാണ് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ കുടുംബം. അണുബാധ ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റിയിട്ട് രണ്ടു മാസമാകുന്നു. ന്യുമോണിയ കടുത്ത് നിൽക്കുന്നതിനാൽ വെന്റിലേറ്റർ ഐ.സി.യുവിൽ തുടരുകയാണ്. എസ്.എ.ടിയിൽ മരുന്നിനടക്കം ആദ്യ ദിവസങ്ങളിൽ പണം ഈടാക്കിയിരുന്നെങ്കിലും സൂപ്രണ്ട് ഇടപെട്ട് ചികിത്സാചെലവ് ഒഴിവാക്കിയിട്ടുണ്ട്.
ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജും, കരുതലും കൈത്താങ്ങും അദാലത്തിൽ മന്ത്രി സജി ചെറിയാനും ആവർത്തിച്ച് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച ഉത്തരവുകളൊന്നും ഇതുവരെ കുടുംബത്തിന് ലഭിച്ചിട്ടില്ല. പല ദിവസങ്ങളിലും പുതിയ ഡോക്ടർമാരാകും ഡ്യൂട്ടിക്കെത്തുക. അവർ പുറത്തുനിന്ന് മരുന്ന് വാങ്ങി വരാൻ കുറിച്ചു നൽകും. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശുപത്രി സൂപ്രണ്ട് ഇടപെട്ട് മരുന്നും ചികിത്സയും സൗജന്യമാക്കിയത്. എന്നാൽ, ഔദ്യോഗിക ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇതിനൊരു ശാശ്വത പരിഹാരമാകൂവെന്നാണ് കുട്ടിയുടെ പിതാവ് ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ് പറയുന്നത്.
ഒഴിയാതെ ആശുപത്രി വാസം
കുഞ്ഞിന്റെ ചികിത്സയ്ക്ക് മാത്രമാണ് കുടുംബത്തിന് പണച്ചെലവില്ലാത്തത്. അമ്മ സുറുമിയും അമ്മൂമ്മയുമാണ് ഐ.സി.യുവിൽ കുഞ്ഞിന് മാറി മാറി കൂട്ടിരിക്കുന്നത്
കുടുംബത്തിന്റെ ഭക്ഷണമടക്കം എല്ലാ ചെലവിനും പണം കണ്ടെത്തേണ്ടതുണ്ട്. അമ്മമാർ ആശുപത്രിയിലെ മുറിയിലാണ് വിശ്രമിക്കുന്നത്
കുഞ്ഞിന്റെ അച്ഛൻ എസ്.എ.ടിയിൽ എത്തിയ ദിവസം മുതൽ പാർക്കിംഗ് ഗ്രൗണ്ടിൽ ഇട്ടിരിക്കുന്ന കാറിനുള്ളിലാണ് കിടന്നുറങ്ങുന്നത്
പരീക്ഷാ കാലമായതോടെ ആലപ്പുഴയിലെ വീട്ടിലുള്ള മൂത്ത കുട്ടികളുടെ കാര്യങ്ങളും അവതാളത്തിലാണ്
അനീഷിന് ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ വീടിന്റെയും വാഹനത്തിന്റെയും വായ്പാ തിരിച്ചടവ് മുടങ്ങി
എന്റെ കുഞ്ഞിന്റെ ജീവിതം അവതാളത്തിലാക്കിയ ഡോക്ടർമാർ സുഖമായി സർവീസിൽ തുടരുന്നു. ആരോഗ്യവകുപ്പ് അടപ്പിച്ച സ്വകാര്യ ലാബ് പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. ഞങ്ങൾക്ക് സൗജന്യ ചികിത്സാ ഉത്തരവ് നൽകാനോ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനോ മാത്രം അധികൃതർ തയ്യാറാകുന്നില്ല
- അനീഷ് മുഹമ്മദ്, കുട്ടിയുടെ പിതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |