SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 AM IST

നെൽക്കതിരുണക്കി കുംഭച്ചൂട് വിളവെടുപ്പിൽ തിരിച്ചടി

ആലപ്പുഴ : കുട്ടനാട്ടിൽ പുഞ്ചകൊയ്ത്ത് പുരോഗമിക്കവേ,​ നെല്ലുൽപ്പാദനത്തിൽ വൻ ഇടിവ്. കനത്ത വേനൽച്ചൂടിന് പിന്നാലെയാണ് പല പാടങ്ങളിലെയും ഉത്പാദനം നേർപകുതിയായി കുറഞ്ഞത്. ഒരു ഏക്കറിൽ നിന്ന് കഴിഞ്ഞ വർഷം 23 ക്വിന്റൽ നെല്ല് ലഭിച്ച ഒരു കർഷകന് ഇത്തവണ ലഭിച്ചത് 15 ക്വിന്റലിൽ താഴെ മാത്രം. ഉത്പാദനം ഇടിഞ്ഞതിന് പിന്നാലെ കിഴിവിന്റെ പേരിലുള്ള മില്ലുകാരുടെ

ചൂഷണം കൂടിയായതോടെ കർഷകരുടെ കാര്യം കഷ്ടത്തിലായി.

കൂലിവർദ്ധന നടപ്പാക്കിയിട്ടും കഴിഞ്ഞ മൂന്നുസീസണുകളായി വിലവർദ്ധനയുടെ യാതൊരു ആനുകൂല്യവും ലഭിക്കാത്ത കർഷകർക്ക്,​ ഇത്തവണയും കണ്ണീരും കടവുമാകും ബാക്കി. വരുംദിവസങ്ങളിൽ ചൂട് കടുക്കുന്നതോടെ കതിരുവന്ന പാടങ്ങളിൽ ഉൾപ്പടെ പതിരിന്റെ തോത് ഉയരാനാണ് സാദ്ധ്യത.

ഓരുവെള്ളം കാരണം കുട്ടനാട്ടിൽ നെൽച്ചെടികൾ കരിഞ്ഞുപോയതിന് പിന്നാലെ പമ്പയാറിന്റെ ഷട്ടറുകൾ തുറക്കാത്തതും തിരിച്ചടിയായി. ഉപ്പുകലർന്ന ഓരുവെള്ളം കയറുന്നത് തടയാൻ പല പാടങ്ങളിലെയും തൂമ്പ് കർഷകർ അടച്ചിരിക്കുകയാണ്. മുമ്പ് പമ്പയാറിൽ നിന്നുള്ള വെള്ളം കയറ്റിയിറക്കിയാണ് ഓരു ഭീഷണി അതിജീവിച്ചിരുന്നത്. എന്നാൽ,​ പമ്പയാറിന്റെ മണിമലയിലെ ഷട്ടർ തുറക്കാത്തതിനാൽ ജലനിരപ്പ് കുറഞ്ഞതോടെ പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് കർഷകർ.

തൂക്കം കുറയ്ക്കുന്നത് കൂടിയചൂട്

1.നെൽച്ചെടികൾക്ക് താങ്ങാനാകുന്ന ചൂട് 23 മുതൽ 25 വരെ ഡിഗ്രി സെൽഷ്യസാണ്. എന്നാൽ, 36 മുതൽ 37 ഡിഗ്രി സെൽഷ്യസാണ് ഇപ്പോഴത്തെ താപനില

2.ഇതോടെ 120 ദിവസം കൊണ്ട് പാകമാകേണ്ട നെല്ല് 90-105 ദിവസംകൊണ്ട് പാകമാകും. ഇത് തൂക്കത്തെയും പോഷകമൂല്യത്തെയും ബാധിക്കും

3.ചൂട് കാരണം ഏക്കറിന് 75 മുതൽ 100 കിലോവരെ നെല്ല് കുറയാൻ സാദ്ധ്യതയുള്ളതായി കർഷകർ പറയുന്നു. സാധാരണ ലഭിക്കേണ്ട മഴ ഇത്തവണ ലഭിക്കാത്തതും വിനയായി

4. വേനൽ മഴയ്ക്ക് മുമ്പ് കൊയ്ത്തും സംഭരണവും പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണ്. സംഭരണത്തിന് 20 മില്ലുകാരെയാണ് സിവിൽ സപ്‌ളൈസ് കോർപ്പറേൻ ചുമതലപ്പെടുത്തിയിട്ടുള്ളത്

നെല്ല് സംഭരിക്കാതെ മില്ലുകാർ

ഓരുവള്ള ശല്യവും കൊടുംചൂടും വിളവ് കുറച്ചതിന് പിന്നാലെ, വിളവെടുത്ത നെല്ല് ഏറ്രെടുക്കാൻ മില്ലുകാർ തയ്യാറാകാത്തതും കുട്ടനാട്ടിലെ കർഷകർക്ക് തിരിച്ചടിയായി. സപ്ളൈകോ പാ‌ഡി മാർക്കറ്റിംഗ് വിഭാഗം നിയോഗിച്ച 55 മില്ലുകാരിൽ പലരും നെല്ലിൽ പതിരിന്റെ അളവ് കൂടുതലാണെന്ന കാരണത്താൽ നെല്ല് സംഭരിക്കാൻ തയ്യാറാകുന്നില്ല. കൈനകരി, എടത്വ, തകഴി പഞ്ചായത്തുകളിലെ പാടങ്ങളിലാണ് നെല്ല് സംഭരണം താറുമാറായത്. ഗുണനിലവാരം കുറഞ്ഞ നെല്ല് സംഭരിച്ചാൽ ഉദ്ദേശിച്ചത്ര അരി ലഭിക്കാതെ നഷ്ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ വാദം. കഴിഞ്ഞ രണ്ട് ദിവസമായി പാടത്ത് കൊയ്തെടുത്ത നെല്ല് ടാർ പോളിൻ മൂടി കൂട്ടിയിട്ടശേഷം കാവൽ നിൽക്കുകയാണ് കർഷകർ. തുടർച്ചയായ രണ്ട് ദിവസം അവധി ആയതിനാൽ ഉദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെടാൻ കൂട്ടാക്കിയിട്ടില്ല.

പുഞ്ചക്കൃഷി

(ഹെക്ടറിൽ)​

ആകെ: 30,000

വിളവിറക്കിയത്: 28,9494

വിളവെടുത്തത് : 1000

സംഭരിച്ച നെല്ല് : 405.92 ‌ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL