ആലപ്പുഴ : ബീച്ചിന് സമീപം എലിവേറ്റഡ് ഹൈവേ ബൈപ്പാസിന്റെ നിർമ്മാണത്തിനിടെ 4ഗർഡറുകൾ നിലംപതിച്ച് ഒരാഴ്ച പിന്നിട്ടിട്ടും കാരണം വ്യക്തമാക്കാതെ ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയും. ഗർഡറുകൾ നിലംപതിച്ച സ്ഥലത്ത് ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും റെയിൽവേ ബ്രിഡ്ജസ് വിഭാഗത്തിന്റെ കൺസൾട്ടന്റുമുൾപ്പെടെ വന്നുപോയിരുന്നു. രണ്ട് ദിവസത്തിനകം സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്ന കളക്ടറുടെ നിർദ്ദേശവും അവഗണിക്കപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11മണിയോടെയാണ് ആലപ്പുഴ ബീച്ചിന് സമീപം വിജയ് പാർക്കിനോട് ചേർന്നുള്ള 17, 18 പില്ലറുകൾക്കിടയിലെ നാല് ഗർഡറുകൾ അത്യുഗ്രശബ്ദത്തോടെ നിലംപതിച്ചത്. ഇതിലൂടെ നിർമ്മാണ കമ്പനിക്ക് 87 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായാതായാണ് കണക്ക്.
കളക്ടറുടെയും ദേശീയപാത അതോറിട്ടിയുടെയും നിർദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. ദേശീയപാത നിർമ്മാണ വിഭാഗം പ്രോജക്ട് ഡയറക്ടറോട് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദ്ദേശിച്ചിരുന്നത്. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നും ഹൈവേ റിസർച്ച് അതോറിട്ടിയിൽ നിന്നുമുള്ള സംഘത്തിന്റെ സന്ദർശനം കൂടി പൂർത്തിയാക്കിയശേഷം റിപ്പോർട്ട് നൽകുമെന്നായിരുന്നു പ്രോജക്ട് ഡയറക്ടർ മുമ്പ് വെളിപ്പെടുത്തിയതെങ്കിലും എൻ.ഐ.ടി സംഘം ഇതുവരെ എത്തിയിട്ടില്ല. ഇതാകാം റിപ്പോർട്ട് വൈകുന്നതിന് പിന്നിൽ.
ഗർഡർ സ്ഥാപിച്ചതിലെ പിഴവോ?
1. സ്ഥാപിക്കുന്ന ക്രമീകരണങ്ങളിലുണ്ടായ പിഴവുകളും അധിക ക്രോസ് ബ്രേസിംഗുകൾ നൽകാതിരുന്നതുമാണ് ഗർഡറുകൾ കൂപ്പുകുത്താനുള്ള കാരണമായി പ്രാഥമികപരിശോധനയിൽ വ്യക്തമായത്
2. പില്ലറുകളുടെയോ ഗർഡറുകളുടെയോ ബലക്ഷയം വീഴ്ചയ്ക്ക് കാരണമായതായി തെളിവില്ലെങ്കിലും പില്ലറുകൾക്ക് മീതെ ഗർഡർ സ്ഥാപിക്കുമ്പോൾ നടത്തേണ്ട തയ്യാറെടുപ്പുകളിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് നിഗമനം
3. ബൈപാസിൽ നേരിയ വളവുള്ള ഭാഗത്ത് പില്ലർ 17നും18നും ഇടയിൽ 21,22പില്ലർ നമ്പരുകൾ രേഖപ്പെടുത്തിയ ഗർഡറുകൾ സ്ഥാപിച്ചതും അപകടത്തിനിടയാക്കിയിരിക്കാമെന്ന് സംശയമുയരുന്നു
4.എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത സ്ഥിതിയാണ്. മറ്റ് ഗർഡറുകളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന അഭിപ്രായവും ശക്തമാണ്.
ഗർഡറുകൾ തകർന്ന സംഭവത്തിൽ റിപ്പോർട്ടിനായി കഴിഞ്ഞ ഏതാനും ദിവസം ദേശീയപാത അതോറിട്ടിയും കരാർ കമ്പനിയുമായി ബന്ധപ്പെട്ടുവരികയാണെങ്കിലും റിപ്പോർട്ട് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും
- അലക്സ് വർഗീസ് , ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |