
മുഹമ്മ: 'എന്റെ പൊന്നുമോനെ കടുത്തുരുത്തി പൊലീസ് ചവിട്ടിക്കൊന്നതാണ്. എനിക്കിനി ഇവിടെ ജീവിക്കേണ്ട. അവൻ പോയ ലോകത്തേക്ക് എന്നെയും കൊണ്ടു പോകൂ' പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ജൂവലറി ഉടമ രാധാകൃഷ്ണന്റെ അമ്മ 96കാരി പത്മാവതി നെഞ്ചുപൊട്ടിയാണ് ഇത് പറഞ്ഞത്.
ആഭരണ മോഷ്ടാവിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്ത മുഹമ്മ രാജി ജൂവലറി ഉടമ രാധാകൃഷ്ണൻ കഴിഞ്ഞ മാസം 7 നാണ് തെളിവെടുപ്പിനിടെ സയനൈഡ് ഉള്ളിൽ ചെന്ന് മരിച്ചത്. രാധാകൃഷ്ണന് മർദ്ദനമേറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
ഏഴാം ക്ലാസ്സ് വരെ മാത്രമെ രാധാകൃഷ്ണന് പഠിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. വീട്ടിലെ അവസ്ഥ മോശമായിരുന്നതിനാൽ പതിനാലാം വയസിൽ അച്ഛനോടൊപ്പം സ്വർണപ്പണിക്ക് ഇറങ്ങി. സ്വണർക്കടകൾക്ക് വേണ്ടി രാത്രിയും പകലും ആഭരണങ്ങൾ നിർമ്മിച്ചാണ് രാധാകൃഷ്ണൻ കുടുംബം പുലർത്തിരുന്നത്. ജീവിതച്ചെലവിൽ നിന്ന് മിച്ചം പിടിച്ചാണ് സ്വന്തമായി ചെറിയൊരു സ്ഥാപനം തുടങ്ങിയത്. ജീവിതാവസാനവും ആ കടയിൽ വച്ച് സംഭവിച്ചു എന്നത് ദുരന്തമായി മാറി.
മകന്റെ മരണത്തോടെ മണ്ണഞ്ചേരി കാവുങ്കൽ കണ്ണാട്ട് ജംഗ്ഷന് സമീപം പനയ്ക്കാപറമ്പ് വെളിയിൽ പത്മാവതിയ്ക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയാണ്. രാത്രി ഞെട്ടി ഉണർന്ന് 'മോനെ... രാധാകൃഷ്ണാ...' എന്ന് അലറി വിളിക്കും. കഴിഞ്ഞ ദിവസം
കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ മുന്നിൽ നടന്ന സമരത്തിലും അമ്മ അടക്കം രാധാകൃഷ്ണന്റെ കുടുംബം പങ്കെടുത്തിരുന്നു.
രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനെ തുടർന്ന് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ഡി.ഐ.ജി, മദ്ധ്യമേഖലാ ഐ.ജി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മകൻ രതീഷ്. കരസേനയിൽ ഉദ്യോഗസ്ഥനായ മരുമകൻ പ്രിൻസ് പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും പരാതി നൽകും.
ഞായറാഴ്ച മുഹമ്മ വാണിജ്യ മണ്ഡലം ഹാളിൽ ജനപ്രതിനിധികൾ, വിവിധ സംഘടനാ നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവർ പങ്കെടുത്ത പ്രതിഷേധ യോഗം നടന്നു. 51 അംഗ ആക്ഷൻ കൗൺസിലും രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |