ആലപ്പുഴ : കെ.എസ്.ആർ.ടി.സി ബസ് തേടി സ്റ്റാൻഡിലെത്തുന്നവരെ വരവേൽക്കുന്ന കഥകളി രൂപം, ആലപ്പുഴ ബിച്ചിലെത്തുന്നവരെ ആകർഷിക്കുന്ന തെയ്യം, തിരിഞ്ഞുനോക്കുന്ന മതിലുകളിലെല്ലാം പൂക്കളും, പൂമ്പാറ്റകളും. ഒപ്പം ശുചിത്വത്തെ ഓർമ്മപ്പെടുത്തുന്ന ചെറുകുറിപ്പുകളും.... നഗരം കൂടുതൽ വർണാഭമാകുകയാണ്.
മാലിന്യ മുക്തം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരുക്കനായി കിടന്ന പ്രതലങ്ങൾ പലതും ഇന്ന് കണ്ണിന് കുളിർമ്മയേകുന്നത്. ചേർത്തല സ്വദേശി രാജീവ് പീതാംബരനും, ഭാര്യ സുബിതാ റാണിയും നേതൃത്വം നൽകുന്ന ടീമാണ് ആലപ്പുഴ നഗരസഭയ്ക്ക് വേണ്ടി നാടാകെ വർണം വിതറുന്നത്. നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ നാളുകൾക്ക് മുമ്പേ ചിത്രങ്ങൾ വരച്ച് തുടങ്ങിയിരുന്നു. ആലിശ്ശേരിയിലെ മാലിന്യ കേന്ദ്രത്തിലെ ചിത്ര രചന പൂർത്തിയാക്കിയതോടെ ബീച്ചിലെ സ്റ്റേജ് കേന്ദ്രീകരിച്ചാണ് തെയ്യത്തിന്റെ രൂപം ഒരുക്കിയത്. രാപകൽ സമയമെടുത്താണ് രചനകൾ പൂർത്തീകരിക്കുന്നത്. വാട്ടർ ബേസ്ഡ് ഇനാമൽ പെയിന്റ് ആയതിനാൽ അധിക കാലം നീണ്ടുനിൽക്കുമെന്ന മേന്മയുമുണ്ട്. ആർട്ടിസ്റ്റ് രാജീവിന്റെ മനസ്സിലെ ആശയങ്ങളാണ് ചിത്രങ്ങളായി ജനിക്കുന്നത്. ശുചിത്വ സന്ദേശങ്ങളുടെ ക്യാപ്ഷനുകൾ അധികൃതർ നൽകും. രാജീവിനൊപ്പം സീനിയർ ആർട്ടിസ്റ്റ് ചന്ദ്രൻ, ഡിജിൻ, വിവേക്, ബാലു, സുധീഷ്, പ്രകാശ്, രാഹുൽ എന്നിവരും പണിപ്പുരയിലുണ്ട്.
ചിത്രം വരച്ച് മനോഹരമാക്കിയ ഭാഗത്ത് മാലിന്യം കൊണ്ടിടാനോ കുത്തിവരയ്ക്കാനോ ആർക്കും മനസ്സ് വരില്ല. ശുചിത്വവും, ഭംഗിയും ഇഴ ചേർത്ത ആശയങ്ങളോടെയാണ് ചിത്രങ്ങളൊരുക്കുന്നത്
- രാജിവ് പീതാംബരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |