
അമ്പലപ്പുഴ : വീട്ടുകാർ കല്യാണത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് പതിമൂന്നര പവൻ സ്വർണം കവർന്ന മോഷ്ടാവ് പിടിയിലായി. പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് ഇല്ലിച്ചിറയിൽ പുത്തൻപറമ്പ് വീട്ടിൽ സുദേശനെയാണ് (40) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ഫെബ്രുവരി 22നാണ് തകഴി കുന്നുമ്മ പന്നക്കളം പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നത്.
ജ്യേഷ്ഠന്റെ മകളുടെ കല്യാണത്തിന് രാവിലെ 10.30 മണിക്ക് കുടുംബ സമേതം വീടുപൂട്ടി പുറക്കാട് പള്ളിയിൽ പോയശേഷം ഉച്ചക്ക് 2.30ഓടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച വിരലടയാളവും മറ്റു തെളിവുകളും കോർത്തിണക്കി നടത്തിയ അന്വേഷണത്തിൽ വീടുമായി സഹകരിച്ചിരുന്നവർ ആരോ ആണ് മോഷണം നടത്തിയതെന്ന നിഗമനത്തിൽ പൊലീസെത്തി.
പരിസരവാസികളുടെയും ബന്ധുക്കളുടെയുമടക്കം 50ൽ കൂടുതൽ ആളുകളുടെ വിരലടയാളവും ഫോൺകാൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിച്ചതിൽ മോഷണം നടക്കുന്നതിന് മുമ്പും ശേഷവും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും സംഭവശേഷം സ്ഥലത്തു നിന്ന് കാണാതായതുമായ ആളുകളെ കണ്ടെത്തി അന്വേഷണം നടത്തി. തോമസിന്റെ വീടിനു സമീപം മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന സുദേശനെ സംശയംതോന്നി സ്റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോൾ ഇയാളുടെ വിരലടയാളം അലമാരയിൽ നിന്നും ലഭിച്ചതുമായി യോജിക്കുന്നതായി മനസിലാക്കി. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിന്നീട് പൊലീസ് തെളിവുകൾ നിരത്തിയപ്പോൾ കുറ്റമേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രന്റെ നിർദ്ദേശാനുസരണം അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ സി.ഐ എം.പ്രതീഷ് കുമാർ, എസ്.ഐമാരായ അനീഷ് കെ.ദാസ്, ഹാഷിം, വിരലടയാള വിദഗ്ദ്ധ പ്രതിഭ പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനൂപ് കുമാർ, സുജിമോൻ, ബിബിൻദാസ്, വിഷ്ണു ജി, വിനിൽ എം.കെ, ജോസഫ് ജോയ്, മുഹമ്മദ് ഹുസൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മിന്ന് പള്ളിയ്ക്ക് കാണിക്കയിട്ടു
സംഭവദിവസം എല്ലാവരും കല്യാണത്തിനുപോയ ശേഷം രാവിലെ 11മണിയോടെ മോഷണം നടന്ന വീടിന് 1.5 കി.മീറ്റർ അകലെ പാലത്തിന് സമീപം സ്കൂട്ടർ വച്ചശേഷം നടന്നുപോയ പ്രതി അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ചു കിടപ്പു മുറിയിൽ കയറി. അലമാര പൊളിച്ചു അതിന്റെ ഉള്ളിലിരുന്ന സ്വർണ്ണം എടുത്തശേഷം കടന്നു. തുടർന്ന് സ്വർണം കുഞ്ഞുമോൻ എന്നയാളുടെ പുരയിടത്തിൽ കുഴിച്ചിട്ടു. രണ്ടു ദിവസത്തിനുശേഷം വന്നു ഇവയെടുത്തശേഷം താലിമാലയിലെ കുരിശ് മിന്ന് കരുമാടിയിലെ പള്ളിയുടെ കാണിക്കവഞ്ചിയിൽ ഇട്ടു. ബാക്കി സ്വർണം വിൽക്കുകയും മാറ്റി പുതിയവ വാങ്ങുകയും ചെയ്തു. ഈ സ്വർണം മുഴുവൻ കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |