ആലപ്പുഴ : ജില്ലയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾക്കും സംഘടനാദൗർബല്യത്തിനും പരിഹാരം കാണാൻ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ച പത്തു മണിക്കൂറിലേറെ നീണ്ടു. നഗരത്തിലെ വൻകിട ഹോട്ടലിൽ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് 5.30ന് ആരംഭിച്ച ചർച്ച വെള്ളിയാഴ്ച പുലർച്ചെ 4നാണ് അവസാനിച്ചത്.
എ.ഐ.സി.സി നിർദ്ദേശാനുസരണം നടത്തിയ യോഗത്തിൽ ബ്ളോക്ക് , മണ്ഡലം ഭാരവാഹികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ നൽകി. ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് ഒഴികെ മറ്രെല്ലാ നിയോജക മണ്ഡലങ്ങളിലും നിന്നുള്ള ബ്ളോക്ക് , മണ്ഡലം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. കെ.സി വേണുഗോപാലിന്റെ സൗകര്യം കണക്കിലെടുത്ത് മറ്റ് മണ്ഡലങ്ങളിലെ ബ്ളോക്ക് , മണ്ഡലം ഭാരവാഹികളുടെയോഗവും ഉടൻ കൂടും.
സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും പാർട്ടിയെ ശക്തമാക്കുന്നതിലും ജില്ലാ -സംസ്ഥാന നേതൃത്വങ്ങളിൽ നിന്ന് വേണ്ട ഇടപെടലുണ്ടാകാത്തതും നേതാക്കൾ പക്ഷംപിടിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങൾ കീഴ് ഘടകങ്ങളിൽ നിന്നുള്ളവർ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. എ ഗ്രൂപ്പിൽ നിന്നുള്ള മുൻ എം.എൽ.എ എം.മുരളി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് യോഗത്തിൽ പങ്കെടുത്തില്ല. യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ സി.കെ.ഷാജി മോഹൻ, കറ്റാനം ഷാജി തുടങ്ങിയവർ എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ,ഷാനിമോൾ ഉസ്മാൻ, ഡി.സുഗതൻ, കെ.പി.ശ്രീകുമാർ, എം.ലിജു, എം.ജെ.ജോബ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
വാർഡ്, ബൂത്ത് കമ്മിറ്റികൾ ഉടൻ രൂപീകരിക്കാനും കുടുംബ സംഗമങ്ങൾ ഉടൻ പൂർത്തീകരിക്കാനും നിർദേശം നൽകി. മണ്ഡലം, ബ്ളോക്ക് നേതാക്കൾക്കിടയിലെ മൂപ്പിളമ തർക്കവും ഗ്രൂപ്പ് പോരുമുൾപ്പെടെുള്ള പ്രശ്നങ്ങളിൽ തുറന്ന ചർച്ച നടന്നു. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾ ജീവൻമരണ പോരാട്ടമായി കണ്ട് എണ്ണയിട്ടയന്ത്രം പോലെ പ്രവർത്തിക്കാനാണ് കെ.സി വേണുഗോപാലും കെ.സി ജോസഫും രമേശും ചർച്ചയിൽ പങ്കെടുത്തവരോട് നിർദ്ദേശിച്ചത്. താഴെത്തട്ടിലെ വിഷയങ്ങളിൽ അടിയന്തരപരിഹാരം കാണാൻ കെ.സി ജോസഫ്, മരിയാപുരം ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് ബാബുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |