
ആലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ബൈപ്പാസിലെ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിനിടെ നാല് ഗർഡറുകൾ നിലംപതിച്ച സംഭവത്തിൽ അന്വേഷണവും നടപടിയും കരാർ കമ്പനിയിലെ പ്രോജക്ട് മാനേജരുടെ സസ്പെൻഷനിലൊതുങ്ങി.ക്രോസ് ബ്രേസിംഗുകൾ ഇല്ലാത്തത് കാരണമാണ് പില്ലറുകളിൽ ഉറപ്പിച്ചശേഷം ഗർഡറുകൾ കൂപ്പുകുത്താൻ ഇടയാക്കിയതെന്ന് ദേശീയ പാത നിർമ്മാണ കമ്പനി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് കളക്ടർക്കും സംസ്ഥാന സർക്കാരിനും എൻ.എച്ച്.എ.ഐയ്ക്കും കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, ജാഗ്രതക്കുറവുണ്ടായ കരാർ കമ്പനിക്ക് എതിരേയോ, നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ദേശീയ പാത അതോർട്ടി ഉദ്യോഗസ്ഥർക്കെതിരെയോ യാതൊരു അന്വേഷണമോ, നടപടിയോ ഉണ്ടായിട്ടില്ല.
അതേസമയം, സംഭവത്തെ തുടർന്ന് ദേശീയ പാത അതോറിട്ടിയുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധ സംഘം കളർകോട് മുതൽ കൊമ്മാടിവരെ പില്ലറുകളിലും ഗർഡറുകളിലും നടത്തിയ പരിശോധനയിൽ മറ്രെല്ലാം സുരക്ഷിതമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
ഗുരുതരവീഴ്ചയെന്ന് കണ്ടെത്തൽ
1.നിർമ്മാണം 80 ശതമാനത്തോളം പൂർത്തിയായ ബൈപ്പാസിലെ എല്ലാ പില്ലറുകളിലും ഗർഡറുകളിലും ബെയറിംഗുകൾ ഉൾപ്പെടെയുളളവ സ്ഥാപിച്ചിരിക്കുന്നത് വിലയിരുത്തിയെങ്കിലും തകർന്നുവീണതിന് പകരം പുതിയ ഗർഡറുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല
2.ഈമാസം 3നാണ് നിർമ്മാണം നടന്നുവന്ന എലിവേറ്റഡ് ഹൈവേയിൽ വിജയ് പാർക്കിനോട് ചേർന്നുള്ള 17, 18 പില്ലറുകൾക്കിടയിലെ നാല് ഗർഡറുകൾ അത്യുഗ്രശബ്ദത്തോടെ നിലംപതിച്ചത്. 90ടണ്ണോളം വീതം ഭാരം വരുന്ന ഗർഡറുകളാണ് ഒരുമിച്ച് നിലംപതിച്ചത്
3. 30 അടിയോളം താഴ്ചയിലേക്കാണ് പില്ലറുകൾ പതിച്ചത്. ഭാഗ്യവശായ ആളപായം ഉണ്ടായില്ലെങ്കിലും സമീപത്തെ വീടിന്റെ കാർപോർച്ചിനും മറ്റൊരു വീടിന്റെ മതിലിനും നാശനഷ്ടമുണ്ടായി
4. ദേശീയപാത അതോറിട്ടിയുടെ പ്രോജക്ട് ഡയറക്ടർമാർ, പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, എൻ.ഐ.ടിയിലെ വിദഗ്ദ സംഘം എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് വീഴ്ചയുടെ കാരണം കണ്ടെത്തിയത്. 87 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്
5. തകർന്ന ഗർഡറുകൾ കഴിഞ്ഞ ദിവസം ഇവിടെ നിന്ന് നീക്കം ചെയ്തിരുന്നു. കളക്ടറുൾപ്പെടെ സർക്കാർ പ്രതിനിധികളുടെ കൂടി അഭിപ്രായം മാനിച്ചാകും നിർമ്മാണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുക
.....................................
കഴിഞ്ഞ ദിവസം ബൈപ്പാസിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. ക്രോസ് ബ്രേസിംഗ് ഇല്ലാത്തതാണ് ഗർഡറുകൾ നിലംപതിച്ചതിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.പിഴവുകൾക്ക് കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെ സസ്പെന്റ് ചെയ്തിട്ടുണ്ട്
- പ്രോജക്ട് ഡയറക്ടർ, എൻ.എച്ച്.എ.ഐ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |