ആലപ്പുഴ: ആരോഗ്യസർവ്വേകൾ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന ആശമാർക്ക് പിന്നാലെ അങ്കണവാടി വർക്കർമാരും സമരത്തിനിറങ്ങിയതോടെ, മഴക്കാല പൂർവ്വ ആരോഗ്യ പ്രവർത്തനങ്ങളും ജനസംഖ്യാസർവ്വേയുമടക്കം അവതാളത്തിലാകുമെന്ന് ആശങ്ക. ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
ജനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്കെല്ലാം അങ്കണവാടി വർക്കർമാരുടെ സേവനം ഉപയോഗിക്കുന്നുണ്ട്. ജനസംഖ്യാ സർവ്വേ മേയ് മാസത്തിൽ പൂർത്തിയാക്കേണ്ടതാണ്. ഇതടക്കം വൈകാൻ സാദ്ധ്യതയുണ്ട്.
കേന്ദ്രസർക്കാർ പദ്ധതികളിലാവട്ടെ, അങ്കണവാടി പങ്കാളിത്തം നിർബന്ധവുമാണ്. വനിതാ- ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കുട്ടികൾക്ക് സ്കൂൾ പൂർവിക വിദ്യാഭ്യാസം നൽകുന്നതിന് പുറമ ഒട്ടേറെ ജോലികളും ചെയ്യേണ്ടതുണ്ട്. അടിസ്ഥാന വിവരശേഖരണത്തിനടക്കം വിവിധ വകുപ്പുകൾ അങ്കണവാടി ജീവനക്കാരെയാണ് ആശ്രയിക്കുന്നത്.
ഗർഭിണികളുടെ ആരോഗ്യ വിവരാന്വേഷണം മുതൽ കുഞ്ഞിന് രണ്ട് വയസ്സ് പൂർത്തിയാകുന്നതുവരെ നിരന്തരം ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കേണ്ടതും ഇവർ തന്നെയാണ്. ബിരുദവും, പത്ത് വർഷത്തെ ജോലി പരിചയവുമുള്ള വർക്കർമാരെ സൂപ്പർവൈസർ തസ്തികയിലേക്ക് പരിഗണിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശമുണ്ടെങ്കിലും സംസ്ഥാനത്ത് ഇതിനുള്ള നടപടിയുണ്ടായിട്ടില്ല. ബിരുദാനന്തര ബിരുദമുള്ള ധാരാളം വർക്കർമാർ കേരളത്തിലുണ്ട്.
മഴക്കാല പൂർവ്വ പ്രവർത്തനത്തിനും തിരിച്ചടി
1. നവജാതശിശുക്കളുടെ ആരോഗ്യനിരീക്ഷണം, പ്രീ സ്‌കൂൾ വിദ്യാഭ്യാസം, പോഷണങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിതരണം, പോഷണത്തെപ്പറ്റിയുള്ള വിവരം നൽകൽ,ഗർഭനിരോധനോപാധികളെ പറ്റിയുള്ള ഉപദേശങ്ങൾ, അവയുടെ വിതരണം, പ്രതിരോധ മരുന്ന് നൽകൽ, ആരോഗ്യപരിശോധന, ആശുപത്രികളിലേയ്ക്ക് ആവശ്യമെങ്കിൽ രോഗികളെ അയക്കുക, വിവിധ സർവ്വേകൾ തുടങ്ങിയവയാണ് അങ്കണവാടി വർക്കർമാരുടെ പ്രധാന ചുമതലകൾ
2. സർക്കാർ നിശ്ചയിച്ചിട്ടുള്ള മെനു പ്രകാരമാണ് അങ്കണവാടികളിൽ ഭക്ഷണം തയാറാക്കേണ്ടത്. പാലും, മുട്ടയും, പച്ചക്കറിയും, ഗ്യാസും പണം മുടക്കി വാങ്ങണം. തൊട്ടടുത്ത മാസം ബിൽ തുക അനുവദിച്ചു കിട്ടുമെന്നാണ് നിയമമെങ്കിലും, പലപ്പോഴും രണ്ട് മുതൽ ആറ് മാസം വരെ ഇതിനായി കാത്തിരിക്കേണ്ടിവരും. തുച്ഛമായ ഹോണറേറിയത്തിൽ നിന്ന് വേണം അതുവരെ ചെലവ് കണ്ടെത്താൻ
ശമ്പളമായ 12,500 രൂപ ലഭിക്കുന്നത് 2200, 5800, 4500 എന്നിങ്ങനെ ഗഡുക്കളായിട്ടാണ്. ഇ.എസ്.ഐ പരിധിയുടെ പകുതി ശമ്പളമാണ് ഞങ്ങൾ കൈപ്പറ്റുന്നത്. എന്നിട്ടുപോലും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല
- അങ്കണവാടി വർക്കർമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |