
മാന്നാർ : കൃഷിയിലൂടെ വിജയം കൊയ്ത് പൊലീസുദ്യോഗസ്ഥനും ഗ്രാമപഞ്ചായത്തംഗമായ ഭാര്യയും . വീയപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ മാന്നാർ വിഷവർശ്ശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും മാന്നാർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ശാന്തിനി ബാലകൃഷ്ണനുമാണ് കുക്കുമ്പറും തണ്ണിമത്തനും ഷമാമും ഉൾപ്പെടെ നൂറുമേനി വിളയിച്ച കർഷക ദമ്പതികൾ. പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഇവരുടെ കൃഷിയിടത്തിലുണ്ട്.
ബന്ധുവും കുടുംബസുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത് ലാലുവാണ് കൃഷിക്ക് വേണ്ട സഹായങ്ങൾ നൽകുന്നത്. സുഹൃത്ത് വാന്യത്ത് തെക്കേതിൽ ഉണ്ണികൃഷ്ണന്റെ 80 സെന്റുൾപ്പെടെ ഒരേക്കറോളം സ്ഥലത്താണ് ഇവരുടെ ജൈവകൃഷി . ഒപ്പം നാലേക്കർ പാടത്ത് നെൽകൃഷിയുമുണ്ട്.
പരമ്പരാഗത നെൽ കർഷകനായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷം മുതലാണ് തണ്ണിമത്തൻ ഉൾപ്പെടെയുള്ള മറ്റ് കൃഷികളിലേക്ക് കൂടി തിരിഞ്ഞത്. മാവേലിക്കര ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി വഴി ഓൺലൈനായി വാങ്ങിയ കിരൺ തണ്ണിമത്തൻ വിത്തുകളാണ് ഇക്കുറിയും കൃഷിക്കായി ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം തണ്ണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി നിർവഹിച്ചു. കൃഷി ഓഫീസർ ഹരികുമാർ പി.സി, കൃഷി അസിസ്റ്റന്റുമാരായ ശ്രീകുമാർ, ദേവിക, ഗ്രാമപഞ്ചായത്തംഗം കെ.സി.പുഷ്പലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ എന്നിവർ പങ്കെടുത്തു. രണ്ടുദിവസം കൊണ്ട് 300 കിലോയിലധികം തണ്ണിമത്തൻ കൃഷിയിടത്തിൽ വിറ്റഴിച്ചതായി ബാലകൃഷ്ണൻ പറഞ്ഞു. 2018ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായിട്ടുള്ള ബാലകൃഷ്ണൻ ഡ്യൂട്ടി സമയം കഴിഞ്ഞാൽ കൃഷിയിടത്തിലായിരിക്കും കൂടുതൽ സമയവും. ചെങ്ങന്നൂർ വി.എച്ച്.എസ്.ഇയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ദേവീകൃഷ്ണ ഏക മകളാണ്.
സഹായമേകിയത് മാന്നാർ കൃഷിഭവന്റെ 'കൃത്യത'
ബാലകൃഷ്ണന്റെ തണ്ണിമത്തൻ കൃഷിക്ക് ഏറെ സഹായകരമായത് മാന്നാർ കൃഷിഭവന്റെ നിർദ്ദേശപ്രകാരമുള്ള കൃത്യത കൃഷി സമ്പ്രദായം. സവിശേഷമായ ഈ കൃഷിരീതി മാന്നാർ കൃഷിഭവന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് ബാലകൃഷ്ണൻ തന്റെ കൃഷിയിടത്തിൽ നടപ്പിലാക്കിയത്. സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിയിടത്തിന്റെ പ്രാദേശികവും കാലികവുമായ വ്യതിയാനങ്ങൾ മനസ്സിലാക്കി അവയെ സമന്വയിപ്പിച്ച് ശാസ്ത്രീയമായി കൃഷി ചെയ്യുന്ന രീതിയാണിതെന്നും മുഴുവൻ കൃഷിയിടത്തെയും ഒറ്റ കൃഷിത്തടമായി കണക്കാക്കാതെ, ഓരോ ചെറിയ ചെറിയ ഭാഗങ്ങളാക്കി വിഭജിച്ച് പ്രത്യേകമായ പരിപാലനം സാധ്യമാകുമെന്നതാണ് കൃത്യതയുടെ പ്രത്യേകതയെന്നും മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |