ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ നാടകശാല സദ്യയിൽ പങ്കെടുത്ത് ഭക്തർ സായൂജ്യരായി. നാടിന്റെ നാനാഭാഗത്തു നിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഭക്തരാണ് സദ്യയിൽ പങ്കെടുക്കാനെത്തിയത്. വിഭവസമൃദ്ധമായ സദ്യവട്ടങ്ങളാണ് ഒരുക്കിയിരുന്നത്. ഉപ്പുമുതൽ പാൽപ്പായസം വരെ 43 ഇനം വിഭവങ്ങളാണ് തളിർ വാഴയിലയിൽ വിളമ്പിയത്. പുളിശേരിക്ക് ശേഷം മോര് ഒഴിച്ചുകഴിഞ്ഞതോടെ കണ്ണാ... കണ്ണാ... എന്നു വിളിച്ചുകൊണ്ട് ഇലയിലെ വിഭവങ്ങൾ വാരിയെടുത്ത് ഭക്തർ നാടകശാലയ്ക്ക് പുറത്തേക്ക് ഓടി, നാടകശാലയുടെ വടക്ക് പടിഞ്ഞാറെ മൂലയിൽ തൂക്കിയിരുന്ന വലിയ പർപ്പടകം പൊട്ടിച്ചു. സദ്യയിൽ പങ്കെടുത്തവരും അമ്പലപ്പുഴ സഹോദരന്മാരുടെ ചെറുമകൻ കോട്ടയ്ക്കകത്ത് സി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള ഭക്തജനസംഘവും കണ്ണനെ സ്തുതിച്ച് വഞ്ചിപ്പാട്ട് പാടി പുത്തൻകുളത്തിന് സമീപം വരെ പോയി മടങ്ങിവന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആൽത്തറയ്ക്ക് സമീപം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരും അമ്പലപ്പുഴ ഡി വൈ.എസ്.പി കെ.എൻ.രാജേഷ്, സി.ഐ പ്രദീഷ് എന്നിവർ ചേർന്ന് പഴക്കുലയും പണക്കിഴിയും നൽകി വഞ്ചിപ്പാട്ട് സംഘത്തെ സ്വീകരിച്ചു. അവർ ക്ഷേത്രക്കുളത്തിൽ കുളിച്ച് ദർശനം നടത്തിയതോടെ നാടകശാല സദ്യയുടെ ചടങ്ങുകൾ പൂർത്തിയായി.
ദേവസ്വം ഓബുഡ്സ്മാൻ റിട്ട. ജസ്റ്റിസ് കെ.രാമകൃഷ്ണൻ നാടകശാലസദ്യ ഉദ്ഘാടനം ചെയ്തു. നാടകശാലസദ്യ കമ്മിറ്റി കൺവീനർ എൻ.മോഹൻദാസ്, ദേവസ്വം ഹൈക്കോടതി ഓഡിറ്റർ ഗണേശ്വരൻ പോറ്റി, ഡെപ്യൂട്ടി കമ്മീഷണർ ദിലീപ്കുമാർ, വിജിലിയൻസ് വിഭാഗം ഹരികുമാർ, അസി. കമ്മീഷണർ വിമൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.ജയലക്ഷ്മി, പെരിയോർ നാരായണ ഭട്ടതിരിപ്പാട് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |