
മാന്നാർ : വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കുടുംബം സുമനസുകളുടെ കനിവിനായി കേഴുന്നു. മാന്നാർ ചെന്നിത്തല കോട്ടമുറി ചേരാപുരത്ത് വീട്ടിൽ വിഷ്ണുകുമാറാണ് (27) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ ഫെബ്രുവരി 26ന് ശിവരാത്രി ദിനത്തിൽ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവെ ഇരമത്തൂരിൽ വച്ച് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് വിഷ്ണുവിന് പരിക്കേറ്റത്. അപകടത്തിൽ ഒരാൾ മരിച്ചു. തലയ്ക്കും നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ വിഷ്ണു അന്ന് മുതൽ ചികിത്സയിലാണ്. 10 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി. ചികിത്സക്കായി ഇനിയും ലക്ഷങ്ങൾ വേണം. ആദ്യഘട്ടത്തിൽ നാട്ടുകാരും പ്രദേശത്തെ സാമൂഹ്യപ്രവർത്തകരും ബന്ധുക്കളും ചേർന്ന് കുറച്ചു പണം കണ്ടെത്തി നൽകിയെങ്കിലും തുടർ ചികിത്സക്കുള്ള ഭീമമായ സംഖ്യ കണ്ടെത്താനാവാതെ കണ്ണീർപൊഴിക്കുകയാണ് കുടുംബം. ഭാര്യ സിസിലി ജോർജ്, ഒന്നര വയസ്സുള്ള മകൻ ആദിദേവ്, മാതാവ് ഷീജാകുമാരി, മുത്തശ്ശി പങ്കജാക്ഷി, 8-ാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ അർജുൻ എന്നിവരടങ്ങുന്നതാണ് വിഷ്ണുവിന്റെ കുടുംബം.
മാവേലിക്കരയിലെ ഇരുചക്ര വാഹന ഷോറൂമിൽ ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെയും എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ ഭാര്യ സിസിലി ജോർജിന്റെയും തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭർത്താവിന്റെ പരിചരണത്തിനായി സിസിലിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നതോടെ ഉണ്ടായിരുന്ന വരുമാനമാർഗ്ഗവും നിലച്ചു. സിസിലി ജോർജിന്റെ കൊടാക് മഹീന്ദ്ര ബാങ്കിലെ അക്കൗണ്ട് നമ്പർ: 6050274682. ഐ.എഫ്.എസ്.സി: KKBK0009014. ഫോൺ : 8089952894.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |