
ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66 നെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഈ മാസം അവസാനത്തോടെ വൈദ്യുതീകരണ പ്രവൃത്തികൾ കെൽട്രോൺ മുഖേന പൂർത്തിയാക്കും.
വാഹനഗതാഗതം തീർത്തും ഇല്ലാതിരുന്ന ഇല്ലിച്ചിറ, നാലുചിറ പ്രദേശവാസികൾ കടത്തുവള്ളത്തിന്റെ സഹായത്താലാണ് മറുകരയിലെത്തി കൊട്ടാരവളവിലൂടെ ദേശീയപാതയിൽ എത്തിയിരുന്നത്. ദേശീയ ജലപാതയിൽ ലീഡിംഗ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ പാലം. 2019 ലാണ് നിർമ്മാണമാരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലത്തിന് തുക അനുവദിച്ചത്.
കരുമാടി - തോട്ടപ്പള്ളി സമാന്തര പാത
1.ദേശീയപാത 66 നെയും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്നതാണ് നാലുചിറ പാലം
2.ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയും കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മദ്ധ്യഭാഗത്ത് പ്രത്യേക ഭാഗവുമുണ്ട്
3.പാലം തുറക്കുന്നതോടെ കരുമാടിയിൽ നിന്ന് തോട്ടപ്പള്ളി കൊട്ടാരവളവ് വരെ ദേശീയപാതയ്ക്ക് സമാന്തരപാതയായി മാറും
4.തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതതടസ്സം ഉണ്ടായാൽ സമാന്തരപാതയായി ഈ പാലം പ്രയോജനപ്പെടുത്താം
5.ജലഗതാഗതം തടസ്സപ്പെടാതിരിക്കാൻ 70 മീറ്ററുള്ള സ്പാനാണ് മദ്ധ്യത്തിൽ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ ഒരുക്കിയിരിക്കുന്നത്
നിർമ്മാണച്ചെലവ് : ₹60.73 കോടി
കേബിൾ സ്റ്റേയ്ഡ് ഡിസൈൻ
പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമ്മിച്ച പാലം സസ്‌പെൻഷൻ പാലത്തിന്റെയും സാധാരണ പാലങ്ങളുടെയും സംയോജിത രൂപമാണ്. പ്രീ സ്‌ട്രെസ്ഡ് ബോക്‌സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ് ഡിസൈനും ചേർന്നുള്ള സങ്കരമാതൃകയാണിത്. പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് കേബിൾ സ്റ്റേയ്ഡ് ഡിസൈൻ. ഇതിനെയാണ് എക്‌സ്ട്രാ ഡോസ്ഡ് പാലങ്ങളെന്ന് വിളിക്കുന്നത്.
നീളം: 458 മീറ്റർ
വീതി: 11.2 മീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |