SignIn
Kerala Kaumudi Online
Friday, 23 October 2026 1.16 AM IST

ആശമാർക്ക് ഓണറേറിയമില്ല; പ്രൊജക്ട് മാനേജരുടെ കസേരയിൽ വാഴ നട്ട് യൂത്ത് കോൺഗ്രസ്

ആലപ്പുഴ: ആശമാർക്ക് ഓണറേറിയം തടഞ്ഞ സംഭവത്തിൽ എൻ.എച്ച്.എം പ്രൊജക്ട് മാനേജരുടെ കസേരയിൽ വാഴനട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. എം.പി.പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു സമരം. മണിക്കൂറുകൾ നീണ്ട സമരത്തിനൊടുവിൽ പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റു ചെയ്തുമാറ്റി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജോലിയിൽ നിന്നുവിട്ടു നിന്ന 146 ആശമാരുടെ ഓണറേറിയം തടഞ്ഞതിനെതിരെയായിരുന്നു പ്രതിഷേധം.

എൻ.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജർ ഡോ.കോശി.സി.പണിക്കരുമായി പ്രശ്‌നം ചർച്ച ചെയ്തു പരിഹരിക്കാനെത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രൊജക്ട് മാനേജർ ഔദ്യോഗികാവശ്യത്തിനായി കളക്ടറേറ്റിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മടങ്ങിയെത്താത്തതിനെ തുടർന്നാണ് വാഴ നട്ട് പ്രതിഷേധം ശക്തിപ്പെട്ടത്. ഇതു പിന്നീട് പൊലീസ് എടുത്തുമാറ്റാൻ നോക്കിയതും വാക്ക്‌പോരിനിടയാക്കി.
ശേഷം ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ.മധുബാബു പ്രതിഷേധക്കാരുമായി ചർച്ച നടത്തി. തുടർന്ന് ജില്ലാ പ്രൊജക്ട് മാനേജർ ഡോ.കോശി സി.പണിക്കർ, ഡി.എം.ഒ ഡോ.ജമുനാ വർഗ്ഗീസ് എന്നിവരും സ്ഥലത്തെത്തി സമരക്കാരോട് സംസാരിച്ചു.
പണം വിതരണം ചെയ്യുന്നത് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധക്കാരെ ബലമായി പൊലീസ് നീക്കിയത്. ജില്ലാ പ്രസിഡന്റ് ഡോ.എം.പി.പ്രവീൺ, ജനറൽ സെക്രട്ടറി അഡ്വ.എം.ശ്രീക്കുട്ടൻ, നിയോജകമണ്ഡലം പ്രസിഡന്റ് എം.പി.മുരളീകൃഷ്ണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ്, അബാദ് ലുത്ഫി, എസ്.ഷഫീക്ക്, സജിൽ ഷെരീഫ്, നൂറുദ്ദീൻ കോയ, ഷിജു താഹ, തൻസിൽ നൗഷാദ്, പോൾ ലോറൻസ്, ഷാജി ജമാൽ, പ്രജിഷ, മുനീർ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL