
കുട്ടനാട് : അമിതകിഴിവ് ആവശ്യപ്പെട്ട് നെല്ല് സംഭരിക്കാൻ കൂട്ടാക്കാത്ത മില്ലുകാരുടെ നടപടിയിൽ പ്രതിഷേധിച്ച് മങ്കൊമ്പ് പാഡി മാർക്കറ്റിംഗ് ഓഫീസ് കർഷകർ ഉപരോധിച്ചു. കാവാലം,വെളിയനാട്,ചമ്പക്കുളം,നീലമ്പേരൂർ,പുളിങ്കുന്ന് കൃഷിഭവൻ പരിധികളിൽ നിന്നുള്ള കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
വനിതാ ജീവനക്കാരെപ്പോലും പുറത്തേക്കിറങ്ങാൻ അനുവദിക്കാതെയായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി കർഷകരുമായും പാഡി മാർക്കറ്റിംഗ് ജീവനക്കാരുമായും ചർച്ച നടത്തിയെങ്കിലും നെല്ല് സംഭരണത്തിന് പരിഹാരം കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കർഷകർ. ഉച്ചയ്ക്ക് ശേഷം കൂടുതൽ കർഷകർഎത്തിയതോടെ ഓഫീസും പരിസരവും സംഘർഷാന്തരീക്ഷത്തിലായി.
കറവലിന്റെയും പതിരിന്റെയും ഈർപ്പത്തിന്റെയും പേരിൽ മില്ലുകാർ അമിതമായ കിഴിവ് ആവശ്യപ്പെടുന്നതിലും മില്ലുകാർ പിൻമാറിയതിനെ തുടർന്ന് നെല്ല് പാടത്ത് കെട്ടികിടക്കുന്നതിലും പ്രതിഷേധിച്ചാണ് കർഷകർ പാഡി ഓഫീസിൽ കുത്തിയിരുന്നത്.
എൻ.കെ.എസ്.എസ് നേതാക്കളായ വി.ജെ.ലാലി, സോണിച്ചൻ പുളിങ്കുന്ന്,പി.ആർ.സതീശൻ, ജോസ് കാവനാട്, പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൽ, കെ.ബി.മോഹനൻ, ഷാജി മുടന്തല്ലി, കെ.പി ഷാജി, തോമസ് നെടുമുടി, ജോബി മൂലംകുന്നം, സുശീല നൗഷാദ്, ഓമന രാജു, അന്തോണിച്ചൻ മംഗലപ്പള്ളി, കുട്ടപ്പൻ കല്ലൂപുരയ്ക്കൽ, തോമസുകുട്ടി, ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ്, ക്രിസ് ഡയറക്ടർ ഫാ.തോമസ് താന്നിയത്ത്, , കോൺഗ്രസ് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം,പാടശേഖരസമിതി സെക്രട്ടറിമാരായ തങ്കച്ചൻ കൂലിപ്പുരക്കൽ, രവീന്ദ്രൻ മണിയങ്കരി, ജേക്കബ് നീണ്ടിശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
കെട്ടിക്കിടക്കുന്നത് 1000 ലോഡിലേറെ നെല്ല്
കൊയ്ത്ത് കഴിഞ്ഞ വിവിധ പാടങ്ങശേഖരങ്ങളിളിലായി 1000 ലോഡിലേറെ നെല്ല് കെട്ടിക്കിടക്കുന്നുണ്ട്
വേനൽമഴയിലെ ഈർപ്പവും പകൽ കൊടുംചൂടിൽ നെല്ലിന്റെ തൂക്കം കുറയുന്നതും കർഷകരെ ആശങ്കയിലാക്കുന്നു
നീലംപേരൂർ എച്ച് ബ്ളോക്കിലെ 1400ഏക്കറിൽ കൊയ്ത്ത് പൂർത്തിയായി രണ്ടാഴ്ച പിന്നിട്ടെങ്കിലും മില്ലുകാർ എത്തിയില്ല
കാവാലം കൃഷിഭവനിലെ മണിയങ്കേരി പാടത്ത് സംഭരണത്തിന് നിയോഗിച്ച രണ്ട് മില്ലുകളും അഞ്ച് കിലോ കിഴിവ് ആവശ്യപ്പെട്ടു
നെല്ല് സംഭരണത്തിന് പാഡി മാർക്കറ്റിംഗ് ജീവനക്കാർ സ്ഥലത്തെത്താത്തതാണ് ചമ്പക്കുളം ഉമ്പുക്കാട് പാടത്തെ പ്രശ്നം
ഇവിടങ്ങളിൽ നിന്നുള്ള 60 ഓളം കർഷകരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്
കളക്ടർ റിപ്പോർട്ട് തേടി
കിഴിവിനെച്ചൊല്ലി കർഷകരും മില്ലുകാരും തമ്മിലുള്ള തർക്കത്തിൽ സംഭരണം തടസപ്പെടുകയും ഒത്തുതീർപ്പ് ചർച്ചകൾ വിജയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. പാഡി മാർക്കറ്റിംഗ് ഓഫീസറോടും കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതേസമയം ഗുണനിലവാര പരിശോധനയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സപ്ളൈകോ ശ്രമം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |