SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.02 AM IST

വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച, നഗരസഭാ ജീവനക്കാർക്ക് താക്കീത്

s

കായംകുളം : വിവരാവകാശ നിയമപ്രകാരം ഫയലുകൾ സൂക്ഷിക്കുന്നതിലും വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തുന്നതിലും വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കായംകുളം നഗരസഭാ ജീവനക്കാർക്ക് വിവരാവകാശ കമ്മിഷണറുടെ ശാസനയും താക്കീതും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ ഹക്കീമിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിലാണ് വീഴ്ചകൾ കണ്ടെത്തിയത്.

നഗരസഭയിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ വിവരിക്കുന്ന പൗരാവകാശരേഖ കാലികമായി പരിഷ്കരിക്കാത്തതും കമ്മിഷന്റെ വിമർശനത്തിന് കാരണമായി. ഉദ്യോഗസ്ഥരുടെ വീഴ്ചകളും അലസതയും കാരണം ഭരണ സമിതിയും ജനപ്രതിനിധികളും പരാതികേൾക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണം.

വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ നാല് ബോധനാധികാരികളുടെ പ്രവർത്തനങ്ങളിൽ കമ്മിഷണർ അതൃപ്തി അറിയിച്ചു. ആർ.ടി.ഐ നിയമം നാലാം വകുപ്പിൽ 17 ഉപവകുപ്പുകളിലായി നിർദ്ദേശിക്കുന്ന കാര്യങ്ങളൊന്നും ഉദ്യോഗസ്ഥർ നടപ്പിൽ വരുത്തിയിട്ടില്ലെന്ന് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കമ്മിഷനോട് സമ്മതിച്ചു. ഫയലുകൾ ഇനംതിരിച്ച് സ്റ്റോക്ക് ചെയ്തിട്ടില്ല. നഗരസഭയിലെ അടിസ്ഥാന വിവരങ്ങൾ, വികസന പ്രവർത്തനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, ആസ്തികൾ, ഉദ്യോഗസ്ഥരുടെ ചുമതലകളും ശമ്പളവും തുടങ്ങി സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങളും ലഭ്യമാക്കിയിട്ടില്ല. ഇവയെല്ലാം എത്രയും വേഗം ചട്ടപ്രകാരം സജ്ജമാക്കണമെന്നും ആ വിവരങ്ങൾ ആർക്കും ഏതു നേരവും ശേഖരിക്കാനാകുംവിധം കമ്പ്യൂട്ടർ നെറ്റ് വർക്കിൽ ലഭ്യമാക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു. അതിനായി സെക്രട്ടറി എസ്.സനിൽ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും കമ്മിഷണർ 21 ദിവസമേ അനുവദിച്ചുള്ളൂ. സിറ്റിംഗിൽ ചേരാവള്ളി രാമചന്ദ്രൻ ആചാരി, ഐക്യജംഗ്ഷൻ ഞാവക്കാട്ട് നൗഷാദ് എന്നിവരുടെ പരാതികൾ തീർപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL