
ആലപ്പുഴ: നഗരത്തിലുണ്ടായ തീപ്പിടിത്തത്തിൽ വീടിന്റെ ഒരുഭാഗം കത്തിനശിച്ചു. നാട്ടുകാരുടെ സന്ദർഭോചിത ഇടപെടലിൽ വൃദ്ധരും മാനസികവെല്ലുവിളി നേരിടുന്ന യുവാവും രക്ഷപ്പെട്ടു. വടികാട് ജംഗ്ഷന് സമീപം വടികാട് വീട്ടിൽ ശ്രീകുമാറിന്റെ വീടിനാണ് തീപിടിച്ചത്. ഓടുപാകിയ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ഇലക്ട്രേണിക്സ് ഉപകരണങ്ങളും നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ശ്രീകുമാറിന്റെ മാതാപിതാക്കളായ ദാമോദരൻ പിള്ള (87), രാധാമണി (83) എന്നിവരും മകൻ ശ്രീരാഗുമാണ് (19) സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ശ്രീകുമാർ എഴുപുന്നയിലെ സഹോദരന്റെ വീട്ടിൽ പോയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയിരുന്നു. അതിനുശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് ഓട്ടം പോയപ്പോഴായിരുന്നു സംഭവം. വീട്ടിൽ നിന്ന് പുക ഉയർന്നതോടെ ശ്രീരാഗ് സമീപവാസിയെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്. വീട്ടിൽ തീ പടർന്നതറിയാതെ മാതാപിതാക്കൾ കട്ടിലിൽ കിടക്കുകയായിരുന്നു. സമീപത്തെ യുവാക്കളെത്തി അവരെ രക്ഷപ്പെടുത്തിയതിനാൽ ദുരന്തം ഒഴിവായി. അഗ്നിരക്ഷാസേനയുടെ ആലപ്പുഴ നിലയത്തിൽ നിന്ന് മൂന്ന് യൂണിറ്റെത്തി ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ശ്രീകുമാർ നടത്തുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെ സ്വർണം സൂക്ഷിക്കുന്ന ലോക്കറിന്റെ പുറംപാളിക്കും തീപിടിച്ചു. അതിലെ സ്വർണം ഉരുകിയ നിലയിലാണ്. സ്റ്റേഷൻ ഓഫീസർ എസ്.പ്രസാദിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |