SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

മെഡി.ആശുപത്രിയിൽ ചികിത്സാ വിൽപ്പത്രം തയ്യാറാക്കാൻ ലിവിംഗ് വിൽ ഡെസ്ക്

ആലപ്പുഴ : ചികിത്സാ വിൽപ്പത്രം തയ്യാറാക്കാനും അവയവദാനത്തിനും സഹായവുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലിവിംഗ് വിൽ ഡെസ്ക് സജ്ജം. അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ ഉടൻ ആരംഭിക്കുന്ന സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്കിലാകും ലിവിംഗ് വിൽ ഇൻഫർമേഷൻ ഡെസ്‌ക്. ലിവിംഗ് വിൽ പൂരിപ്പിക്കുന്നതിനുള്ള ഫോമും നിർദ്ദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. ജീവിതാവസാന സമയത്തോ രോഗാവസ്ഥയിലോ ചികിത്സാ തീരുമാനങ്ങൾ എടുക്കാനാകാത്ത ഘട്ടത്തിൽ, ലഭിക്കേണ്ട ചികിത്സ സംബന്ധിച്ച ആഗ്രഹങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തുന്നതാണ് ലിവിംഗ് വിൽ. ജീവിതാവസാന സാഹചര്യങ്ങളിലെ ചികിത്സാരീതികളെക്കുറിച്ചുള്ള വ്യക്തിയുടെ നിർദ്ദേശങ്ങളാണ് രേഖപ്പെടുത്തുക. വെന്റിലേഷൻ, ഡയാലിസിസ് പോലെ ജീവൻ നിലനിർത്തുന്ന ചികിത്സകൾ സ്വീകരിക്കണോ വേണ്ടയോ, മരണശേഷമുള്ള അവയവദാനം, സംസ്കാര ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങളും ഇതിലൂടെ മുൻകൂട്ടി തീരുമാനിക്കാം. 18 വയസ്സ് തികഞ്ഞ ആർക്കും ലിവിംഗ് വിൽ ഒപ്പുവയ്ക്കാം. ബന്ധുക്കളുമായി ആലോചിച്ച ശേഷം ഒപ്പുവെച്ച ഈ രേഖകൾ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഒപ്പോടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിൽ സൂക്ഷിക്കും. തിങ്കൾ മുതൽ വെള്ളിവരെയായിരിക്കും ഡെസ്‌ക് പ്രവർത്തനം.
പാലിയേറ്റീവ് കെയർ ആവശ്യമുള്ള രോഗികൾക്കായി എല്ലാ ശനിയാഴ്ചകളിലും രാവിലെ 9.30 മുതൽ ഇവിടെ ഒ.പി സേവനം ലഭ്യമാകും. 10 ബെഡുകളുള്ള വാർഡിൽ മറ്റു വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനങ്ങളും ഉറപ്പാക്കും.
മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളുടെ ഭാഗമായി 'കാരുണ്യ' എന്ന പേരിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. അരയ്ക്ക് താഴെ തളർന്നവരെ ഒരുമിച്ചുകൂട്ടി എല്ലാ വർഷവും പാരാപ്ലീജിയ മീറ്റും മറ്റ് മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. ഈ മാസം അവസാനത്തോടെ സമഗ്ര പാലിയേറ്റീവ് കെയർ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL