SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.16 AM IST

നാടിനെ ഭീതിയിലാക്കിയ കാട്ടുപോത്തിനെ തൂക്കി

pothine-kondupomunnu

ചെന്നിത്തല: ദിവസങ്ങളായി ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ ഭീതിയിലാക്കി കാട്ടുപോത്തിനെ ചെന്നിത്തലയിൽ കീഴ്പ്പെടുത്തി. മണിക്കൂറുകൾ നീണ്ടപരിശ്രമത്തിനൊടുവിലാണ് ഉച്ചയോടെ വനപാലകരും പൊലീസും ചേർന്ന് ചെന്നിത്തല ഒരിപ്രം ഭാഗത്ത് മയക്ക് വെടിവച്ച് കീഴ്പ്പെടുത്തിയത്. നൂറനാട്, ചുനക്കര, മാവേലിക്കര, ഭാഗങ്ങളിൽ ദിവസങ്ങൾക്കു മുമ്പ് പ്രത്യക്ഷപ്പെട്ട കാട്ടുപോത്തിനെ വലയിലാക്കാൻ വനപാലകർ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. പിന്നീട് ചെറിയനാട്, ഉളുന്തി പ്രദേശങ്ങൾ പിന്നിട്ട് ഇന്നലെ പുലർച്ചയോടെയാണ് ചെന്നിത്തലയിലെത്തിയത്. പത്രവിതരണക്കാരും പ്രഭാത സവാരിക്കാരും കാട്ടുപോത്തിനെ കണ്ടതായി സംശയം പറഞ്ഞെങ്കിലും ആദ്യമാരും ഗൗരവമായി എടുത്തില്ല. പിന്നീട് ചെന്നിത്തല നവോദയ സ്കൂളിന് കിഴക്ക് മാറി ഒരിപ്രം രതീഷ് ഭവനത്തിൽ ഗോപിയുടെയും കാവിത്തറയിൽ അജികുമാറിന്റെയും വീട്ടുമുറ്റത്ത് കാണപ്പെട്ടതോടെ അജികുമാർ മാന്നാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് റാന്നിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും മാവേലിക്കരയിൽ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി.

കീഴ്പ്പെടുത്തിയത് മയക്ക് വെടിവച്ച്

ആദ്യം നാടൻ പോത്താണെന്ന് കരുതിയെങ്കിലും കാലുകളിലെ വെള്ള നിറവും വലിയ കൊമ്പുകളും കണ്ടതോടെയാണ് കാട്ടുപോത്താണെന്ന് ഉറപ്പിച്ചത്. പറമ്പുകളിലും കണ്ടത്തിലും കറങ്ങി നടന്ന കാട്ടുപോത്ത് വേലിയും മതിലുമൊക്കെ ചാടി പ്രദേശമാകെ മണിക്കൂറുകളോളം ഭീതി പരത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വൈസ് പ്രസിഡന്റ് അജിതാ ദേവരാജൻ, ഗ്രാമ പഞ്ചായത്തംഗം മെമ്പർ ബിനു സി.വർഗീസ് എന്നിവരുടെ നേതൃത്തിൽ നാട്ടുകാരും രംഗത്തിറങ്ങി. റാന്നി ആർ.എഫ്.ഒ. ബി.ആർ. ജയൻ, ചെങ്ങന്നൂർ സോഷ്യൽ ഫോറസ്റ്റ് ഓഫീസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അൻപതോളം പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം മണിക്കൂറുകളോളം കാട്ടുപോത്തിന് പിന്നാലെ പായുകയായിരുന്നു.തിരുവനന്തപുരം ഡിവിഷൻ കോട്ടൂർ ഫോറസ്റ്റ് ഡോക്ടർ അരുൺ കുമാർ, കോന്നി ഫോറസ്റ്റ് ഡോക്ടർ ജെയ്‌സ്മോൻ, മൂന്നാർ ഡോക്ടർ സിദ്ധാർഥ് ശങ്കർ, കുമളി മൃഗസംരക്ഷണ വകുപ്പ് ഡോ.അനുരാജ് എന്നിവരടങ്ങിയ സംഘം ഒടുവിൽ മയക്ക് വെടിവച്ച് കാട്ടുപോത്തിനെ വീഴ്ത്തുകയായിരുന്നു.

ഉദ്യോഗസ്ഥർക്ക് ആദരം

അസി.സ്റ്റേഷൻ ഓഫീസർ എൻ.പ്രദീപ്, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ മനോജ് കുമാർ, ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർമാരായ വി.എൽ.ലൈജു, റ്റി.എസ് അച്ചു, സുധി ചന്ദ്രൻ, അനീഷ് കുമാർ ഹോംഗാർഡുമാരായ ഗോപൻ, പ്രമോദ്, സുനിൽ എന്നിവരടങ്ങിയ അഗ്നിശമന സേനയാണ് വെടിയേറ്റ് മയങ്ങി വീണ കാട്ടുപോത്തിനെ ജെ.സി.ബി യുടെ സഹായത്താൽ ഉയർത്തി ലോറിയിൽ കയറ്റിയത്. പിന്നീട് റാന്നി ഫോറസ്റ്റ് ഏരിയയിലെ ഉൾവനത്തിൽ ഇറക്കിവിടുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പഞ്ചായത്തും നാട്ടുകാരും ചേർന്ന് ആദരവ് നൽകി. എം.എസ് അരുൺ കുമാർ എം.എൽ.എ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പൊന്നാട ചാർത്തി അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL