SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

വേനൽ കടുക്കുന്നു,​ വെള്ളംകുടി മുടക്കരുത്

ആലപ്പുഴ: ജില്ലയിൽ ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഉയർന്ന ചൂട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് ശരീരത്തിൽ കൂടുതൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകുന്നു. ചൂട് ശരീരത്തെ വല്ലാതെ തളർത്തുമെന്നതിനാൽ വീട്ടിലിരിക്കുമ്പോഴും യാത്രാമദ്ധ്യേയേയും ആവശ്യമായ കരുതൽ സ്വീകരിക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവ കുടിക്കണം. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കണം.

ഉപ്പിട്ട നാരങ്ങവെള്ളം ബെസ്റ്റ്

# കാ‌ർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് കുടിച്ച് ദാഹം മാറ്റുന്ന പ്രവണത തെറ്റാണ്. ഇത് ദാഹം കൂട്ടാനും ഉദര രോഗങ്ങൾക്കും കാരണമാകും

# തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുകയോ,​ കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങവെള്ളമോ കുടിക്കുക

# പ്രായമായവർക്ക് ഇടക്കിടെ വെള്ളം നൽകണം, ഒരുദിവസം 2-3 ലിറ്റർ വെള്ളം കുടിക്കണം

# യാത്രക്കിടെ കൈയിൽ വെള്ളം കരുതണം, ചെരുപ്പിട്ട് മാത്രം നടക്കുക

# കുട്ടികളെയും വളർത്തുമൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തിപ്പോകരുത്

# അഞ്ചാംപനി, മുണ്ടിനീര്, ചിക്കൻപോക്സ് എന്നിവയ്ക്കെതിരെ മുൻകരുതൽ വേണം, ചർമ്മത്തിൽ പാടുകൾ കണ്ടാൽ വൈദ്യസഹായം തേടണം

# പരീക്ഷക്കാലമായതിനാൽ കുട്ടികൾ ആളുകളുമായി ഇടപെടുന്നതിൽ നിയന്ത്രണം വേണം

നിർജലീകരണമുണ്ടാകാതെ നോക്കണം. ആവശ്യത്തിന് വെള്ളംകുടിക്കുകയും വേനൽക്കാല രോഗങ്ങൾ വരാതെ സൂക്ഷിക്കുകയും വേണം

-ഡോ. ബി. പദ്മകുമാർ,​ പ്രിൻസിപ്പൽ

മെഡിക്കൽ കോളേജ് ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL