SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.28 AM IST

ആലപ്പുഴ കോടതിക്ക് ബോംബ് ഭീഷണി, അന്വേഷണം തുടങ്ങി

ആലപ്പുഴ: ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് ബോംബ് ഭീഷണി. മജിസ്ട്രേറ്റിന്റെ പരാതിയിൽ ആലപ്പുഴ നോ‌ർത്ത് പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ കോടതി പ്രവർത്തനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക ഇ മെയിലിൽ ഭീഷണിയെത്തിയത്. കോടതിയിൽ സയനൈഡ് ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. തുടർന്ന്, മജിസ്ട്രേറ്റ് പ്രിയങ്ക വിവരം നോർത്ത് പൊലീസ് സി.ഐയെ അറിയിക്കുകയായിരുന്നു. സി.ഐ എം.ജെ അരുണും എസ്.ഐ നിയാസും ഉടൻ കോടതിയിലെത്തി. ബോംബ് സ്ക്വാഡ്, കെ.9 ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ കോടതിയിലും പരിസരത്തും ഉച്ചവരെ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഭീഷണിയുടെ പശ്ചാത്തലത്തിൽ കോടതിയുടെ പ്രവർത്തനം ഉച്ചവരെ നിർത്തിവച്ചു.

സമുച്ചയത്തിലെ ജില്ലാ സെഷൻസ് കോടതിയുൾപ്പെടെ മറ്റ് കോടതികളുടെ പരിസരങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ഭീഷണിയുടെ ഉറവിടം കണ്ടെത്താൻ മെയിൽ ഐ.ഡി കേന്ദ്രീകരിച്ച് സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സന്ദേശം അയക്കാൻ ഉപയോഗിച്ച ഡിവൈസും ഇന്റർനെറ്റ് കണക്ഷനും തിരിച്ചറിഞ്ഞശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL