SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ജില്ലയിൽ ആശങ്കയായി അമീബിക് മസ്തിഷ്കജ്വരം

ആലപ്പുഴ: ദിവസങ്ങൾക്ക് മുമ്പ് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. സാധാരണഗതിയിൽ മലിനമായ ജലാശയങ്ങളിൽ നിന്ന് പകരുന്ന രോഗാണു , അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടില്ലാത്ത വ്യക്തികൾക്ക് എങ്ങനെ ബാധിച്ചുവെന്നത് ആരോഗ്യ വകുപ്പിനെയും കുഴപ്പിക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യാത്ത കുളങ്ങളും തന്നെയാണ് പ്രധാനവില്ലനെന്നാണ് അനുമാനം. മലിനജലത്തിൽ നിന്നുള്ള രോഗാണുക്കൾ മൂക്കിനെയും മസ്തിഷ്ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴിയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. മുൻകാലങ്ങളിൽ മലിനജലവുമായി സമ്പർക്കമുണ്ടായി ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇപ്പോൾ പല കേസുകളിലും രണ്ടാഴ്ച്ച കഴിഞ്ഞാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

രണ്ട് മരണം, ഒരാൾക്ക് രോഗബാധ

 2016ലാണ് കേരളത്തിൽ ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടത്

 അമ്പലപ്പുഴ സ്വദേശി ആര്യമോൾ (26), മാവേലിക്കര സ്വദേശി ബിനു വർഗീസ് (55) എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്

 ആറാട്ടുപുഴ സ്വദേശിനിയായ യുവതി രോഗം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

 ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്

അമീബിക് മസ്തിഷ്കജ്വരം

 മലിനമായ ജലാശയങ്ങളിൽ കാണപ്പെടുന്ന 'നഗ്ലേരിയ ഫൗലേറി' എന്നയിനം അമീബ മൂക്കിലൂടെ തലച്ചോറിലെത്തി ഉണ്ടാക്കുന്ന അതിഗുരുതരമായ അണുബാധയാണിത്

 തടാകങ്ങൾ, കുളങ്ങൾ, മലിനമായ ജലം എന്നിവയിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്

രോഗലക്ഷണങ്ങൾ

 തീവ്രമായ തലവേദന

 കടുത്ത പനി

 ഛർദ്ദി

 കഴുത്ത് തിരിക്കാൻ പ്രയാസം

 ബോധക്ഷയം

പ്രതിരോധ മാർഗ്ഗങ്ങൾ

 കെട്ടിക്കിടക്കുന്ന വെള്ളം, കുളങ്ങൾ, പുഴകൾ എന്നിവിടങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക

 നീന്തൽ കുളങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവയിൽ ക്ലോറിനേഷൻ കൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക

രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക

രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ബോധവത്ക്കരണവും സൂപ്പർ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. മലിനജല സമ്പർക്കം ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണം

- ആരോഗ്യവകുപ്പ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL