SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.55 AM IST

താളംതെറ്റി കാർഷിക കലണ്ടർ, ആകെ കുഴഞ്ഞ് നെൽകൃഷി

ആലപ്പുഴ : കാർഷികകലണ്ടർ പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോകാത്തത് കുട്ടനാട്ടിൽ നെൽകൃഷിക്ക് ഭീഷണിയാകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ ഉയർത്തുന്നത് വൈകുന്നത് ഉപ്പുവെള്ളം പാടങ്ങളിലെത്താനും അതുവഴി പോളയും കടകലും ഉൾപ്പെടെ നശിക്കുന്നതിനും പ്രതിസന്ധിയാകുന്നു.മാർച്ച് 31നാണ് കാർഷിക കലണ്ടർ പ്രകാരം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടത്. എന്നാൽ ഇത്തവണ ഏപ്രിൽ 20നാണ് ഷട്ടറുകൾ തുറന്നത്. ഇതോടെ, മേയ് പകുതിയോളമായിട്ടും കുട്ടനാടിന്റെ പലഭാഗങ്ങളിലും ജലാശയങ്ങളിൽ ഉപ്പുവെള്ളമെത്തിയിട്ടില്ല. ഇതിനിടയിൽ വേനൽമഴയുമെത്തി. പിന്നാലെ കാലവർഷം കൂടിയെത്തിയാൽ കുട്ടനാട്ടിൽ ഈ വർഷം ഉപ്പുവെള്ളത്തിന്റെ സാന്നിദ്ധ്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും.

ഒന്നരമാസമെങ്കിലും കുട്ടനാട് ഉപ്പുവെള്ളത്തിൽ മുങ്ങിയില്ലെങ്കിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് കാർഷിക മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഷട്ടറുകൾ തുറക്കുന്നതിനൊപ്പം തോടുകൾ വഴി ഉപ്പുജലം കയറുന്നത് തടയാനിടുന്ന ഓരുമുട്ടുകൾ കൂടി തുറന്നാലേ കുട്ടനാട്ടിലേക്ക് ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് ശക്തമാകുകയുള്ളൂ. 2024ൽ ഏപ്രിൽ 9നും 2025ൽ ഏപ്രിൽ 11നുമാണ് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നത്.

ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ഒന്നരമാസമെങ്കിലും ഉപ്പുജലം കുട്ടനാട്ടിൽ കയറിക്കിടക്കേണ്ടതുണ്ട്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയിറങ്ങിയാലേ കളകളെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. കുട്ടനാടൻ പാടശേഖരങ്ങളിലെ ബണ്ടുകളിലെ തെങ്ങുകളിൽ തേങ്ങ ഉത്പാദനം വർദ്ധിക്കാനും ഉപ്പുവെള്ളം ആവശ്യമാണ്

തണ്ണീർമുക്കം ബണ്ട് സമയത്ത് തുറക്കുന്നില്ല

 കടലിൽ നിന്ന് തണ്ണീ‌ർമുക്കം ബണ്ടുവഴി ഉപ്പുജലം കുട്ടനാട്ടിലേക്ക് എത്തിയാലേ ജലാശങ്ങളിലെ പോളയും കടകൽ അടക്കമുള്ള പുല്ലുകളും നശിക്കുകയുള്ളൂ

 തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചിടുന്നതുമൂലം ഒഴുക്കു നിലയ്ക്കുന്ന ജലാശയങ്ങളിൽ എക്കലടിഞ്ഞ് ആഴം കുറയും

 ഇതിലേക്ക് കടകലിന്റെ വേരുകൾ ഇറങ്ങി ജലാശയങ്ങൾ തന്നെ ഇല്ലാതാകും. നീരൊഴുക്ക് തടസപ്പെട്ട് കുട്ടനാട് പെട്ടെന്ന് വെള്ളപ്പൊക്കത്തിലേക്ക് നീങ്ങും

 കടകൽ മൂടുന്നതിനാൽ വിഷപാമ്പുകളുടെ സാന്നിദ്ധ്യവുമുണ്ട്.

കഴിഞ്ഞ മൂന്നു കൊല്ലമായി കുട്ടനാട്ടിൽ കാർഷിക കലണ്ടർ താളം തെറ്റി. ഓരുവെള്ളം കയറാത്തതിനാൽ പോളയും കടകലുമൊന്നും കരിയുന്നില്ല
-ഡോ. കെ.ജി. പത്മകുമാർ, ഡയറക്ടർ

അഖിലേന്ത്യ കായൽകൃഷി ഗവേഷണ കേന്ദ്രം

ഓരുവെള്ളം കയറാത്തതിനാൽ കുട്ടനാട്ടിൽ പോള, കടകൽ എന്നിവ തഴച്ച് വളരുകയാണ്. പാടശേഖരത്തിൽ നിന്ന് രാസവളങ്ങൾ അടങ്ങിയ വെള്ളംകൂടി തോട്ടിലേക്ക് എത്തുന്നത് ഇവയ്ക്ക് വളരാനുള്ള സാഹചര്യം വർദ്ധിപ്പിക്കും. ഇത് നീരൊഴുക്കിനെ ബാധിക്കും

- സിജിമോൻ, മുട്ടനാവേലി പാടശേഖര

സമിതി സെക്രട്ടറി, ചെമ്പുംപുറം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL