ആലപ്പുഴ: ഭക്ഷണത്തിന് വിലകൂട്ടിയിട്ടും രക്ഷയില്ലാതെ ഹോട്ടൽ മേഖല. പാചകവാതകത്തിന്റെ അടിക്കടിയുള്ള വില വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണം.
കഴിഞ്ഞ ഒരുമാസമായി തുടരുന്ന വില വർദ്ധനയിൽ പലരും മേഖല വിട്ടുപോകുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം മാത്രം 45 രൂപയാണ് സിലിണ്ടറിന് വർദ്ധിച്ചത്. ഇതോടെ സിലിണ്ടറിന് 3168 രൂപയായി. ആറുമാസം മുമ്പ് ഇത് 1500 രൂപയായിരുന്നു.
പാചകവാതക ക്ഷാമത്തെത്തുടർന്ന് അടച്ചിടേണ്ടിവന്ന ചെറുകിട ഹോട്ടലുകളിൽ പലതും തുറന്ന് സാധാരണഗതിയിലേക്ക് എത്തുന്നതിനിടെയാണ് ഇരുട്ടടിയായി വീണ്ടും വില വർദ്ധിച്ചത്.
30 രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ പല പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചുനിന്നെങ്കിലും ഇനിയും ഈ നിലയിൽ തുടരാനാകില്ലെന്ന സ്ഥിതിയാണ്. പ്രതിദിനം 350ഓളം ഊണ് നൽകുന്ന ജനകീയ ഹോട്ടലുകളുണ്ട്. അഞ്ച് മുതൽ പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇതിനെ ആശ്രയിച്ച് കഴിയുന്നത്.
പാൽവിലയും തിരിച്ചടി
1. പാചകവാതക വിലവർദ്ധനയെ തുടർന്ന് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില കൂട്ടിയിരുന്നു. പല ഇനത്തിനും അഞ്ചുമുതൽ 50 രൂപവരെയാണ് കൂട്ടിയത്. ഇത്തരത്തിൽ ഒന്ന് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാലിനും വിലകൂടിയത്
2. പാലിനും പാചകവാതകം ഉൾപ്പടെയുള്ള ഇന്ധനങ്ങൾക്കും വിലകൂടിയത് കാരണം ജില്ലയിൽ 100ഓളം ഹോട്ടലുകൾ ഇപ്പോൾ തന്നെ പൂട്ടിക്കിടക്കുകയാണ്. ലാഭകരമല്ലാത്തതിനാൽ കൂടുതൽ ഹോട്ടലുകൾ പൂട്ടാനുള്ള തീരുമാനത്തിലാണ് ഉടമകളെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്
3. ഗ്യാസ് വില കൂടിയതോടെ ഹോട്ടലുകളിൽ ചെറുകടികൾ കുറച്ചു. ഉഴുന്നുവട, ആവിയിൽ പുഴുങ്ങുന്ന പലഹാരങ്ങൾ എന്നിവയ്ക്കാണ് നിയന്ത്രണം. ഉഴുന്നവടയ്ക്ക് ഗ്യാസ് വലിയ രീതിയിൽ വേണ്ടിവരുന്നുണ്ട്. പേരിന് മാത്രമാണ് ചെറുകടികൾ ഇപ്പോൾ പാകം ചെയ്യുന്നത്. വില കൂട്ടിയതോടെ പലരും ചായ കുടി തന്നെ കുറച്ചു
4. പെട്രോൾ, ഡീസൽ വില വർദ്ധന കാരണം ചരക്ക് ഇറക്കുന്നതിനുള്ള ചെലവും കൂടി. പാഴ്സൽ ചെയ്യാനുപയോഗിക്കുന്ന അലൂമിനയം ഫോയിൽ പേപ്പറിനടക്കം വിലവർദ്ധിച്ചു. ഊണിനൊപ്പം ഫ്രൈ അടക്കമുള്ള സ്പെഷ്യലുകൾ പലരും ഒഴിവാക്കി
പാചകവാതക
വില: 3168 രൂപ
ജില്ലയിലെ
ഹോട്ടലുകൾ : 2000
ഹോട്ടലുകൾ അടച്ചിടാനുള്ള തീരുമാനത്തിലാണ് പല ഉടമകളും. ലാഭമില്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണം
- നവാസ്, ആലപ്പുഴ സൗത്ത് യൂണിറ്റ് പ്രസിഡന്റ്, കെ.എച്ച്.ആർ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |