SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

വിത്ത് എത്തിയില്ല, കുട്ടനാട്ടിൽ രണ്ടാം കൃഷി പ്രതിസന്ധിയിൽ

ആലപ്പുഴ: രണ്ടാം കൃഷിയുടെ ഒരുക്കം പുരോഗമിക്കുമ്പോഴും കുട്ടനാട്ടിൽ വിത്ത് എത്താത്ത് പ്രതിസന്ധിയാകുന്നു. കൃഷി വകുപ്പിന്റെ കീഴിലുള്ള സീഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നിന്ന് വിത്ത് സംഭരിച്ച് എത്തിക്കുന്നതിലെ കാലതാമസമാണ് കാരണം.

വിത്ത് വിതരണത്തിനാവശ്യമായ വാഹനങ്ങൾ ടെൻഡർ വഴി ലഭ്യമാക്കുന്നതിലെ കാലതാമസമാണ് വിതരണം താറുമാറാക്കിയത്. കുട്ടനാട്ടിൽ രണ്ടാംകൃഷി നടക്കുന്ന 9,​500 ഹെക്ടറിലേക്ക് 950ടൺ വിത്താണ് എത്തേണ്ടത്. കർഷകരിൽ നിന്ന് സംഭരിച്ച് സംസ്കരിച്ച ഉമ (ഡി.വൺ) ഇനത്തിൽപ്പെട്ട വിത്ത് പാലക്കാട് കൊല്ലങ്കോട്ടെ വിവിധ കളങ്ങളിലുണ്ട്. കൊയ്ത്തിന് ശേഷം കിളിർപ്പിന് അനുയോജ്യമാം വിധം 13 ശതമാനമാക്കി ഉണക്കി സൂക്ഷിച്ചിരിക്കുന്ന വിത്ത് സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് 30കിലോ വീതമുള്ള ബാഗുകളാക്കി വാഹനത്തിൽ കയറ്റിവേണം കുട്ടനാട്ടിലെത്തിക്കേണ്ടത്.

കുട്ടനാട്ടിലെ ഏതാനും കൃഷിഭവനുകളിൽ മാത്രമാണ് ഇതിനോടകം വിത്ത് എത്തിക്കാനായത്. കാലവർഷം ശക്തമായാൽ വിത മുടങ്ങുമെന്നിരിക്കെ ആവശ്യമായത്ര വാഹനങ്ങൾ ക്രമീകരിച്ച് വിത്ത് വിതരണം സുഗമമാക്കണമെന്നാണ് ആവശ്യം. സീഡ് അതോറിട്ടിയെ ബന്ധപ്പെട്ടതായും എത്രയുംവേഗം വിത്ത് വിതരണം പൂർത്തിയാക്കാനാകുമെന്നുമാണ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ വിശദീകരണം.

മഴയിൽ വിതരണം പാളും

 ജൂൺ ആദ്യവാരമാണ് സാധാരണ ഗതിയിൽ കുട്ടനാട്ടിൽ വിത ആരംഭിക്കേണ്ടത്

 പാടങ്ങളും കുട്ടനാട്ടിലെ റോഡുകളുംവെള്ളത്തിൽ മുങ്ങുംമുമ്പ് കൃഷി ഭവനുകളിൽ വിത്ത് എത്തണം

 മഴയ്ക്ക് നേരിയ ശമനം വന്ന സാഹചര്യത്തിൽ പാടങ്ങളെല്ലാം വിതയ്ക്കായി തയ്യാറായിട്ടുണ്ട്.

 കി.ഗ്രാമിന് 42 രൂപയാണ് വിത്തിന്റെ വില. ആവശ്യമായ മുഴുവൻ വിത്തും സീഡ് അതോറിട്ടിയിൽ നിന്ന് എത്തുമോയെന്നതിലും വ്യക്തതയില്ല.

കുട്ടനാട്ടിൽ രണ്ടാംകൃഷി

9,500 ഹെക്ടറിൽ

കുട്ടനാട്ടിൽ പുഞ്ചകൃഷിയുടെ പണം ലഭിക്കാത്തതിന്റെ പേരിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകർ കാലവർഷക്കെടുതികൂടി വന്നതോടെ നട്ടം തിരിയുന്ന സ്ഥിതിയാണ്. അതിനിടെ വിതയ്ക്ക് വിത്ത് ലഭ്യമാകാത്ത സാഹചര്യം കൃഷി കൂടി അവതാളത്തിലാക്കുന്ന സ്ഥിതിയാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഗുണമേൻമയുള്ള വിത്ത് ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടണം

- സോണിച്ചൻ പുളിങ്കുന്ന്,​ വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL