SignIn
Kerala Kaumudi Online
Thursday, 11 June 2026 11.16 PM IST

അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി: അവതാളത്തിലാകുമോ അദ്ധ്യയനം

ആലപ്പുഴ: സെൻസസ് ഡ്യൂട്ടിക്കായി അദ്ധ്യാപകർ പോകുന്നതോടെ സ്കൂളുകളിൽ അദ്ധ്യയനം അവതാളത്തിലാകുമെന്ന് ആശങ്ക. ജൂലായ് ഒന്ന് മുതലാണ് സെൻസസിന്റെ ആദ്യഘട്ടം ആരംഭിക്കുക. ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ അദ്ധ്യാപകരായ 3930 പേരെയാണ് എന്യുമറേറ്റർമാരായി നിയോഗിച്ചിട്ടുള്ളത്. ഒരു എന്യുമറേറ്റർക്ക് 200-250 വീടുകളുടെയും 800-1000 വ്യക്തികളുടെയും വിവരങ്ങളാണ് ശേഖരിക്കേണ്ടി വരിക.

പ്രവൃത്തിദിനങ്ങളിൽ രാവിലെയും വൈകിട്ടും അദ്ധ്യാപകർ സെൻസസ് ഡ്യൂട്ടിക്ക് പോകേണ്ടിവരുന്നത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിക്കും. മൂന്ന് ദിവസത്തെ സെൻസസ് പരിശീന ക്ലാസുകളിൽ അദ്ധ്യാപകർക്ക് പങ്കെടുക്കേണ്ടി വരുമ്പോഴും അദ്ധ്യയനദിനങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമെന്ന നിലയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അദ്ധ്യാപകർക്ക് പകരം താൽക്കാലിക അദ്ധ്യാപകരെ നിയമിച്ച് അദ്ധ്യയനം സുഗമമാക്കാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെടുന്നു.

3570 എന്യുമറേറ്റർമാരെയാണ് വിവരശേഖരണത്തിന് ജില്ലയിലേക്ക് ആകെ ആവശ്യമുള്ളത്. 360പേർ റിസർവ് ജീവനക്കാരാണ്. എന്യുമറേറ്റർമാക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം പുരോഗമിക്കുകയാണ്. 637 സൂപ്പർവൈസർമാർ എന്യുമറേറ്റർമാരുടെ ഏകോപനച്ചുമതല നിർവഹിക്കും. താലൂക്കുകളിൽ തഹസിൽദാർമാരും മുനിസിപ്പാലിറ്റികളിൽ മുനിസിപ്പൽ സെക്രട്ടറിമാരുമാണ് സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഓരോ സൂപ്പർവൈസർക്ക് കീഴിലും കുറഞ്ഞത് ആറ് എന്യുമറേറ്റർമാർ ഉണ്ടാകും.

12 മേഖലകൾ

ജില്ലയെ 12 മേഖലകളായി തിരിച്ചാണ് സെൻസസ് പ്രവർത്തനങ്ങൾ നടക്കുക . ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകൾ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മുനിസിപ്പാലിറ്റികൾ എന്നിവയാണ് 12 മേഖലകൾ.


 ജൂലായ് ഒന്നിന് വീടുകളുടെ പട്ടികപ്പെടുത്തലും കണക്കെടുപ്പും ആരംഭിക്കും

 ഭവനഘടന, സൗകര്യങ്ങൾ, ആസ്തി എന്നിവ ഉൾകൊള്ളുന്ന 34 ചോദ്യങ്ങൾക്ക് ഉത്തരം തേടും

 സെൻസസിന്റെ രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ ആരംഭിക്കും

 രണ്ടാംഘട്ട ജനസംഖ്യാ കണക്കെടുപ്പിൽ വ്യക്തിഗതവിവരങ്ങൾ ശേഖരിക്കും

വയസ്, ലിംഗം, വിദ്യാഭ്യാസം, തൊഴിൽ, മതം, ഭാഷ, വിവാഹസ്ഥിതി, കുടിയേറ്റം തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കും

ജില്ലയിൽ എന്യൂമറേറ്റമാർ

3930

കുട്ടികളുടെ പഠനം തടസപ്പെടാതിരിക്കാൻ ഡ്യൂട്ടി അദ്ധ്യാപകർക്ക് പകരം സ്കൂളുകളിൽ താൽക്കാലികക്കാരെ നിയമിക്കണം. സെൻസസിന് പോകുന്ന അദ്ധ്യാപകർക്ക് ഓൺ ഡ്യൂട്ടി സർട്ടിഫിക്കറ്റും വിദ്യാഭ്യാസ വകുപ്പ് അനുവദിക്കണം

- കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL