SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

ഉയരപ്പാത നിർമ്മാണം: അപാകത പരിഹരിക്കാൻ സംയുക്ത പരിശോധന

gj

ആലപ്പുഴ : ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അരൂർ മുതൽ തുറവൂർ വരെ നിർമ്മിക്കുന്ന ഉയരപ്പാതയുടെയും അനുബന്ധറോഡുകളുടെയും നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ സംയുക്ത പരിശോധന നടത്താൻ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് ,ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത സംഘത്തിലുണ്ടാകും. റോഡിന് സമീപത്തെ കാനകളുടെ ഉയരക്കൂടുതൽ വ്യാപാരികൾക്കും വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. തുറവൂർ ജംഗ്ഷന് തെക്കുവശം അണ്ടർപാസ് നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും ദേശീയപാത അതോറിട്ടിയുമായി ചർച്ച ചെയ്തു.

തുറവൂരിൽ 220 കെ.വി.സബ്‌സ്റ്റേഷൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അതോറിട്ടിയുടെ കൈവശമുള്ള സ്ഥലത്തുനിന്നും രണ്ടേക്കർ സ്ഥലം കെ.എസ്.ഇ.ബിക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. സബ്‌സ്റ്റേഷന്റെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കും. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ വാട്ടർ അതോറിട്ടി , ദേശീയപാത അതോറിട്ടി,തദ്ദേശ സ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘവും സംയുക്തപരിശോധന നടത്തി പരിഹാരം കാണും.

അരൂർ മണ്ഡലത്തിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ച് കോടി രൂപയുടെ ഡി.പി.ആർ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. കളക്ടർ ഷാജി.വി.നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ് , പൊലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL