SignIn
Kerala Kaumudi Online
Friday, 12 June 2026 12.01 AM IST

അനധികൃത മത്സ്യബന്ധനം: പരിശോധനയുമായി ഫിഷറീസ് വകുപ്പ്

e

ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടികളുമായി രംഗത്ത്. "ഊത്തകയറ്റം" എന്നറിയപ്പെടുന്ന പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ടെന്ന് വകുപ്പ് വിലയിരുത്തി. കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട് പ്രകാരം പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നതും മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വലകളോ മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നതും കുറ്റകരമാണ്. കൂടാതെ 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കൽ, ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിലെ അനധികൃത മത്സ്യബന്ധനം, വിഷം, വൈദ്യുതി, സ്‌ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയും നിയമവിരുദ്ധമാണ്. ആദ്യ കുറ്റത്തിന് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് കൂടുതൽ കർശന ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.


പള്ളിപ്പാടും വീയപുരവും കേന്ദ്രീകരിച്ച് പരിശോധന
ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ഇൽ കടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ മത്സ്യബന്ധന പട്രോളിംഗ് നടത്തി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, വിസ്മയ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ , സീ റെസ്ക്യൂ സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സി.പി.ഒ വൈശാഖ് നാഥ് എന്നിവർ പങ്കെടുത്തു.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണം.ഫോൺ: 04772251103

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL