
ആലപ്പുഴ: സ്വന്തം പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ മുകളിൽ കുടുങ്ങിപ്പോയ യുവാവിന് അഗ്നിശമനസേന രക്ഷയായി. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡിൽ കണ്ടത്തിൽ ഗിരീഷാണ് (49) മരം മുറിക്കുന്നതിനിടെ മറ്റൊരുമരം ശരീരത്തിലേക്ക് ചരിഞ്ഞ് കുടുക്കിലായത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം.ഗിരീഷ് മരത്തിൽകയറി മുറിക്കാൻ ശ്രമിക്കുന്നതിനിടെ അടുത്തുള്ള പുളിമരം ചരിഞ്ഞ് കഴുത്തിന് പിറകിലായി പതിക്കുകയായിരുന്നു. ഇരുമരങ്ങൾക്കും ഇടയിൽ കുടുങ്ങിയതോടെ ഗിരീഷിന് അനങ്ങാൻ കഴിയാതായി. ഏണി ഉൾപ്പെടെ മരച്ചില്ലകൾക്കിടയിൽ അകപ്പെട്ടതോടെ വീട്ടുകാർക്കോ, നാട്ടുകാർക്കോ രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.
ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ് സംഘം, കഴുത്തിന് മുകളിലേയ്ക്ക് വീണുകിടന്നിരുന്ന മരത്തിന്റെ ചില്ലകൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു മാറ്റിശേഷം ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ഗിരീഷിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു. ഗിരീഷിന് കാര്യമായ പരിക്കുകളോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടായില്ല.
ആലപ്പുഴ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ സേനനാംഗങ്ങളായ പ്രശാന്ത്.പി, ലോറൻസ് പി.എഫ്, ജസ്റ്റിൻ ജേക്കബ്, ഹാഷിം കെ.ബി, ഡാനി ജോർജജ്,കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |