
ആലപ്പുഴ: കേരള പ്രവേശന പരീക്ഷയിൽ ജില്ലയ്ക്ക് അഭിമാനമായി പൂച്ചാക്കൽ സ്വദേശി നമീർ ഹാഷിമും പള്ളിക്കൽ സ്വദേശി റിയ റൂബിളും. എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ നമീർ 24-ാം റാങ്കും ബി ഫാം പരീക്ഷയിൽ റിയ 25-ാം റാങ്കുമാണ് നേടിയത്. പള്ളിപ്പുറം സെന്റ് മേരീസ് ഒഫ് ലൗക സീനിയർ സെന്റൻഡറി സ്കൂളിൽ നിന്ന് 2025ലാണ് എല്ലാ വിഷയങ്ങൾ എ വൺ നേടി നമീർ പ്ലസ്ടു വിജയിച്ചത്. തുടർന്ന് ഒരുവർഷമായി പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ജെ.ഇ.ഇ പരീക്ഷയിലും വിജയിച്ചിട്ടുണ്ട്. ഐ.ഐ.ടി ഡെൽഹിയിൽ കമ്പ്യൂട്ടർ എൻജിനീയറിംഗിന് ചേരാണ് തീരുമാനിച്ചിരിക്കുന്നത്. പൂച്ചാക്കൽ ഗ്രീൻലാൻഡ് പുന്നത്തറയിൽ മിറാസ് ഹാഷിമിന്റെയും സജന മിറാഷിന്റെയും മകനാണ്. സഹോദരി എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ റീം മിറാസ്.
കഴിഞ്ഞ രണ്ടുവർഷമായി പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന റിയ റൂബിൾ നീറ്റ് പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. എം.ബി.ബി.എസാണ് ലക്ഷ്യം. 2024ൽ കോട്ടയം എക്സൽസിയർ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് പ്ലസ്ടു വിജയിച്ച ശേഷം എൻട്രൻസ് പരീക്ഷയ്ക്കായുള്ള പഠനത്തിലായിരുന്നു. പള്ളിക്കൽ മേപ്പള്ളിക്കുറ്റി കുറ്റിയേലയ്യത്ത് ഷിന റൂബിളിന്റെയും റൂബിൾ ഡാനിയലിന്റെയും മകളാണ്. റയാൻ റൂബിൾ, റിയാൻ റൂബിൾ എന്നിവരാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |