ആലപ്പുഴ: ജില്ലയിൽ ഫിറ്റ്‌നസ് ഇല്ലാതെ അപകടാവസ്ഥയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കെതിരെ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. കിടങ്ങറ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം പരിശോധിച്ച ശേഷം കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം ഫിറ്റ്‌നസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് ചെയർപേഴ്‌സൻ നിർദ്ദേശം നൽകി. നിർമ്മാണം പൂർത്തികരിച്ച പുതിയ കെട്ടിടം എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും നിർദ്ദേശിച്ചു. ബുധനൂർ ഹയർ സെക്കൻഡറി സ്കുൾ കോമ്പൗണ്ടിൽ ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിലുള്ള ഓട്ടിസം സെന്ററിനും ഫിറ്റ്‌നസ് ഉറപ്പുവരുത്തുവാൻ നിർദ്ദേശം നൽകി. ഈ വിഷയത്തിലും സ്വമേധയാ കേസെടുത്തു.
അങ്ങാടിക്കൽ സൗത്ത് ഹയർസെക്കന്ററി സ്‌കൂൾ, എടത്വ ജോർജിയൻ പബ്ലിക് സ്കൂൾ, എടത്വ സെന്റ് അലോഷ്യസ് ബോയ്‌സ് ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ, ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. മോഡൽ വി.എച്ച്.എസ്.എസ് ചെങ്ങന്നൂർ, ഗവ. മോഡൽ ഹൈസ്കൂൾ ചെങ്ങന്നൂർ, ഗവ. യു.പി.എസ് പേരശേരി എന്നീ സ്കൂളുകളിൽ കമ്മിഷൻ സന്ദർശനം നടത്തിയത്. പരിഹരിക്കേണ്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കമ്മിഷൻ അംഗങ്ങളായ ബി.മോഹൻകുമാർ, ഡോ.എഫ്.വിൽസൺ, കെ.കെ.ഷാജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |