SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.51 PM IST

ദൂരപരിധി നിയമം തിരിച്ചടി,​ പോസ്റ്റോഫീസുകൾക്ക് പൂട്ട് വീഴും

ആലപ്പുഴ: കത്തുകളും സേവനങ്ങളും വഴി സാധാരണക്കാരന്റെ ജീവിതവുമായി ഇഴുകിച്ചേർന്ന ഗ്രാമീണ പോസ്റ്റോഫീസുകൾ കൂട്ടത്തോടെ അടച്ചുപൂട്ടൽ ഭീഷണിയിൽ. പോസ്റ്റോഫീസുകൾ തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച വകുപ്പുതല നിർദ്ദേശങ്ങളാണ് അടച്ചുപൂട്ടൽ ആശങ്കയ്ക്ക് കാരണം. 1991ലെ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളിൽ പോസ്റ്റ് ഓഫീസുകൾ തമ്മിൽ കുറഞ്ഞത് മൂന്ന്‌ കിലോമീറ്ററും നഗരപ്രദേശത്ത് 1.5 മുതൽ രണ്ട്‌ കിലോമീറ്റർവരെ ദൂരം വേണമെന്നാണ്‌ നിർദേശം. ഇത് കർശനമായി നടപ്പാക്കുന്നത് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ തിരിച്ചടിയാകും. പോസ്റ്റ് ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ സ്വകാര്യ കൊറിയർ കമ്പനികൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും തപാൽ മേഖലയിലേക്ക് കടന്നുകയറാനാകും. ബുക്കിംഗ്, വിതരണം തുടങ്ങിയ സേവനങ്ങളിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമാണ്. ​സ്വകാര്യവത്ക്കരണത്തിന്റെ ആദ്യപടിയായി പോസ്റ്റ് ഓഫീസുകളെ ബാങ്കിംഗ് പോലുള്ള സേവനങ്ങളിൽ മാത്രം ഒതുക്കി ഡെലിവറി സേവനങ്ങൾക്കായി ഇൻഡിപെൻഡന്റ് ഡെലിവറി സെന്റർ (ഐ.ഡി.സി) സംവിധാനമാണ് തപാൽ വകുപ്പ് നടപ്പാക്കുന്നത്. ഐ.ഡി.സികളിൽനിന്ന് ബാങ്ക് നോട്ടീസുകൾ, എ.ടി.എം, പാസ്‍പോർട്ട്, വക്കീൽ നോട്ടീസ്, സർക്കാർ കത്തുകൾ, പുസ്‍തകങ്ങൾ തുടങ്ങിയ വിതരണ ഉരുപ്പടികൾ കൈപ്പറ്റി കിലോമീറ്റർ അകലെയുള്ള വിതരണമേഖലയിലെ മേൽവിലാസക്കാർക്ക്‌ എത്തിക്കുന്ന സംവിധാനമാണിത്.

ലാഭത്തിലാണെങ്കിലും രക്ഷയില്ല

1.ചെലവ്‌ കുറച്ച്‌ ലാഭത്തിലാക്കാനെന്ന പേരിലാണ് ദൂരപരിധി നിയമം കർശനമാക്കുന്നത്. എന്നാൽ,​ ഘട്ടംഘട്ടമായി പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടി സ്വകാര്യ മേഖലയ്ക്ക്‌ വഴിയൊരുക്കുകയാണ്‌ കേന്ദ്രസർക്കാ‌രിന്റെ ലക്ഷ്യമെന്ന ആരോപണം ശക്തമാണ്

2. ദൂരപരിധി നിയമംവരുന്നതോടെ ലാഭത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ പോലും പൂട്ടേണ്ടി വരുമെന്ന ആശങ്കയിലാണ് ജീവനക്കാരും നാട്ടുകാരും. വിവിധ സബ് ഓഫീസുകളും ബ്രാഞ്ച് ഓഫീസുകളും പൂട്ടാനാണ് നീക്കമെന്ന് സൂചനയുണ്ട്

3.ആലപ്പുഴ ഡിവിഷനിൽ ജില്ലാ ആശുപത്രി, മുല്ലയ്ക്കൽ, കളക്ടറേറ്റ്, തോണ്ടൻകുളങ്ങര, ഇരുമ്പുപാലം, തത്തംപള്ളി, മങ്കൊമ്പ് സബ് ഓഫീസുകൾ പൂട്ടുകയോ,​ ലയിപ്പിക്കുകയോ ചെയ്യാനാണ്‌ നീക്കം

4. ചുങ്കം, കാഞ്ഞിരംചിറ, കൊമ്മാടി, കൊറ്റംകുളങ്ങര തുടങ്ങിയ ബ്രാഞ്ച് ഓഫീസുകളും പൂട്ടിയേക്കും. കുട്ടനാട് വെള്ളപ്പൊക്ക മേഖലയിലെ ബ്രാഞ്ച് ഓഫീസുകൾ ഒഴിവാക്കാനും സാദ്ധ്യതയുണ്ട്

5. ക്ഷേമ പെൻഷനുകൾ വാങ്ങാനും ആർ.ഡി, സമ്പാദ്യ പദ്ധതി നിക്ഷേപങ്ങൾക്കുമായി വയോധികർക്ക് ദൂരെയുള്ള പ്രധാന പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരും.ബാങ്കില്ലാത്ത ഉൾഗ്രാമങ്ങളിലെ സാധാരണക്കാരുടെ കാര്യം കഷ്ടത്തിലാകും

ഡിജിറ്റൽ യുഗത്തിലും ഗ്രാമീണ മേഖലയിൽ തപാൽ വകുപ്പിനുള്ള വിശ്വാസ്യത തകർക്കുന്നതാണ് നീക്കം.ജനസാന്ദ്രതയേറിയ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ദൂരപരിധി കർശനമാക്കുന്നത് പ്രായോഗികമല്ല

- ഉപഭോക്താക്കൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL