SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

ദേശീയപാതയിൽ സുരക്ഷയും പരിശോധനയും ഫയലിലൊതുങ്ങി

ആലപ്പുഴ: മഴ മാറുകയും ദേശീയപാതയിൽ ജോലികൾ പുനരാരംഭിക്കുകയും ചെയ്തതോടെ,​ നിർമ്മാണ പ്രദേശത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് അപകടഭീഷണിയാകുന്നു.

വഴി വിളക്കുകളില്ലാത്തതും നിർമ്മാണം പുരോഗമിക്കുന്ന സ്ഥലങ്ങളിൽ റോഡ് വ്യക്തമാകും വിധം മതിയായ ദിശാ ബോർഡുകളും അപായ സൂചനാ മുന്നറിയിപ്പുകളും ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം.

കഴിഞ്ഞമാസം ആദ്യം തൃശൂർ കൈപ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചു കയറി 8 എൻജിനിയറിംഗ് വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ,​ കളക്ടറുടെ നിർദേശാനുസരണം മോട്ടോർ വാഹന വകുപ്പുൾപ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചെങ്കിലും അധികനാൾ നീണ്ടുനിന്നില്ല. പരിശോധന നിലച്ചതിന് പിന്നാലെ വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗും ദേശീയപാതയെ വീണ്ടും അപകടക്കെണിയാക്കിയിട്ടുണ്ട്.

നിർമ്മാണ സ്ഥലങ്ങളിൽ സുരക്ഷാവീഴ്ച

1.ഓച്ചിറ മുതൽ അരൂർ വരെ മൂന്ന് മേഖലകളായി തിരിച്ച് മൂന്നു സ്ക്വാഡുകളെയാണ് പരിശോധനയ്ക്ക് നിശ്ചയിച്ചിരുന്നത്.

അനധികൃത പാർക്കിംഗ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും കാരണമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി കാരണം അതാത് സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കൈയേറ്റം തുടങ്ങിയവ തടയുകയായിരുന്നു ലക്ഷ്യം

2.നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയശേഷവും പരിഹരിക്കാൻ കൂട്ടാക്കാതെ വന്നാൽ തദ്ദേശ സ്ഥാപനം വഴി നോട്ടീസ് നൽകാനും പരിഹരിക്കാത്ത പക്ഷം 48 മണിക്കൂറിനുശേഷം കർശന നടപടി സ്വീകരിക്കാനുമായിരുന്നു നിർദ്ദേശം. ആദ്യ ഏതാനും ദിവസങ്ങൾക്ക് ശേഷം പരിശോധന നിലച്ചതോടെ റോഡ് കൈറ്റവും അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും വ്യാപകമായി

3.കഴിഞ്ഞദിവസം ആലപ്പുഴ ജില്ലാ പഞ്ചായത്ത് യോഗവും ജില്ലയിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾക്കെതിരെ പ്രമേയം പാസാക്കുകയും അപകട മരണ നിരക്കുകളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തെങ്കിലും റോഡ് സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ ജില്ലാ ഭരണകൂടമോ,​ റോഡ് സുരക്ഷാ അതോറിട്ടി ഉൾപ്പെടെയുള്ള ഏജൻസികളോ കൈക്കൊള്ളുന്നില്ലെന്നതാണ് വാസ്തവം

ദേശീയപാതയിലെ

അപകട നിരക്ക്

(2020മുതൽ 2026 ആഗസ്റ്റ് 31 വരെ)

അപകടങ്ങൾ: 6,827

മരണം: 757

പരിക്ക്: 5,390

അപകട മേഖല

അമ്പലപ്പുഴ: 953 അപകടങ്ങൾ, 105 മരണം

ഹരിപ്പാട്: 745 അപകടങ്ങൾ, 82 മരണം

അരൂർ: 646 അപകടങ്ങൾ, 94 മരണം

ദേശീയപാത 66-ലെ (കൃഷ്ണപുരം മുതൽ അരൂർ വരെ) അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര റോഡ് സുരക്ഷാ ഓഡിറ്റ് നടത്തണം. അശാസ്ത്രീയമായ ഗതാഗത തിരിച്ചുവിടലുകളും വലിയ കുഴികളും യാത്രക്കാർക്ക് ഭീഷണിയാണ്. ജില്ലാ ഭരണകൂടം, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ദേശീയപാത അതോറിട്ടി,തദ്ദേശ വകുപ്പ്, കരാർ കമ്പനി എന്നിവരെ ഉൾപ്പെടുത്തി സംയുക്ത സുരക്ഷാ ഓഡിറ്റ് ടീം രൂപീകരിച്ച് പ്രശ്നങ്ങൾ പരിഹരിക്കണം

- ജോൺ തോമസ് , ജില്ലാപഞ്ചായത്തംഗം, പള്ളിപ്പാട് ഡിവിഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL