
തുറവൂർ: റെയിൽപ്പാത ഇരട്ടിപ്പിക്കൽ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി തുറവൂർ റെയിൽവേ സ്റ്റേഷനിലേക്ക് കിഴക്കുഭാഗത്തുനിന്നുള്ള പ്രവേശനവഴി ബാരിക്കേഡ് സ്ഥാപിച്ച് അടച്ചത് യാത്രക്കാർക്ക് ദുരിതമായി. സ്റ്റേഷനോട് ചേർന്ന് നിർമാണപ്രവർത്തനങ്ങൾക്കായി നിരത്തിയ പൂഴിമണൽ മഴയിൽ കുഴഞ്ഞതോടെ ട്രെയിനിൽ കയറാൻ ഓടിയെത്തുന്ന യാത്രക്കാർ കാൽവഴുതി വീഴുന്നതും പതിവായി. അരൂർ മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ തുറവൂരിനെ ആശ്രയിച്ച് നൂറുകണക്കിന് പേരാണ് ദിവസവും യാത്ര ചെയ്യുന്നത്. ഏറനാട്, ഇന്റർസിറ്റി ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ട്.
ദേശീയപാതയിലെ എൻ.സി.സി. കവലയിൽനിന്ന് പടിഞ്ഞാറോട്ടുള്ള റോഡിലൂടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും സ്റ്റേഷനിലെത്തുന്നത്. എന്നാൽ റോഡ് അവസാനിക്കുന്ന ഭാഗം മുതൽ സ്റ്റേഷൻ പരിസരം വരെയുള്ള ഭാഗം പൂഴിക്കുഴമ്പായതോടെ യാത്രക്കാരും പ്രദേശവാസികളും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇരുചക്രവാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ പ്രയാസമാണ്. നടന്ന് പോകുന്നതിനും ബുദ്ധിമുട്ടായതിനാൽ പലർക്കും കിലോമീറ്ററുകൾ ചുറ്റി റെയിൽവേ സ്റ്റേഷനിലെത്തേണ്ട സ്ഥിതിയാണ്.
വഴിയടച്ച് നിർമ്മാണം
ഓഫീസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സമയത്ത് എത്താൻ ട്രെയിനുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് ദിവസവും ബുദ്ധിമുട്ടനുഭവിക്കുന്നത്
തുറവൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയ നടപടി നിരുത്തരവാദപരമാണെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ്
സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി യാത്രക്കാർ ആശ്രയിച്ചിരുന്ന ഇടവഴികളും മേൽപ്പാലത്തിലേക്കുള്ള പ്രവേശനമാർഗങ്ങളുമെല്ലാം നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിരിക്കുകയാണ്.
യാത്രക്കാർക്കും പ്രദേശവാസികൾക്കും ഉപയോഗിക്കാവുന്ന താൽക്കാലിക നടപ്പാത അടിയന്തരമായി പുനർനിർമിക്കണം. പ്രശ്നം റെയിൽവേ അധികൃതരുടെയും കരാറുകാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരനടപടികൾ ഉണ്ടായിട്ടില്ല
- ബിന്ദു വയലാർ, ജില്ലാ പ്രസിഡന്റ് , ഫ്രണ്ട്സ് ഓൺ റെയിൽസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |