ആലപ്പുഴ: പ്രാദേശിക വികസന നിധിയിൽ നിന്ന് തുക അനുവദിച്ച് നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ കാലവിളംബം കൂടാതെ വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായ പുതുക്കിയ ഭരണാനുമതികൾ ഉടൻ ലഭ്യമാക്കണമെന്ന് കെ.സി വേണുഗോപാൽ എം.പി നിർദ്ദേശിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിലായി എംപിയുടെ പ്രാദേശിക വികസന നിധി ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
17.8 കോടി രൂപ ചെലവഴിച്ച് നിർവഹണം തുടരുന്ന 156 പദ്ധതികളുടെ പ്രവർത്തന പുരോഗതിയാണ് വിലയിരുത്തിയത്. പൂർത്തിയായ പദ്ധതികകൾക്കുള്ള ധനവിതരണം അടിയന്തരമായി പൂർത്തിയാക്കണമെന്നും പദ്ധതികൾക്കുള്ള ഭരണാനുമതി സാങ്കേതിക അനുമതി എന്നിവയിൽ കാലതാമസം ഉണ്ടാകരുതെന്നും എം.പി നിർദേശം നൽകി.
ചന്തിരൂർ ഇളയപാടം പാലം , തുറവൂർ രണ്ടാം വാർഡിലെ ബി.ആർ അംബേദ്കർ റോഡ് , ആലപ്പാട് രണ്ടാം വാർഡിലെ അങ്കണവാടി കെട്ടിടം എന്നിവ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. തണ്ണീർമുക്കം മൂന്നാം വാർഡിലെ അംഗനവാടി കെട്ടിടനിർമാണം നവംബറോടെ പൂർത്തിയാകും.
'സ്പർശം' മൊബൈൽ ക്ളിനിക്
ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് സാമൂഹികാരോഗ്യ വിഭാഗം ആരംഭിക്കുന്ന മൊബൈൽ മെഡിക്കൽ ക്ലിനിക് പദ്ധതിക്ക് 'സ്പർശം' എന്ന പേര് എം.പി നിർദ്ദേശിച്ചു; പദ്ധതിക്കായി അധിക തുക അനുവദിക്കുന്നത് പരിഗണിക്കുമെന്നും അറിയിച്ചു. കണ്ടല്ലൂർ മാടമ്പള്ളി സർക്കാർ യുപി സ്കൂളിലെ ആർ.ഒ പ്ലാന്റ് നിർമ്മാണത്തിനായി നടപടി സ്വീകരിക്കണം. ചേർത്തല മുൻസിപ്പാലിറ്റിക്ക് ശ്മശാനം നിർമ്മിക്കുവാൻ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥലം കണ്ടെത്തണം. കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കാൻ റീ ടെൻഡർ നടപടികൾ ആരംഭിക്കണം. വിവിധ സ്കൂളുകളിലേയ്ക്ക് നൽകേണ്ട ലാപ്ടോപ്പുകൾ, ഐടി സാമഗ്രികൾ, സ്കൂൾ ബസ്സുകൾ തുടങ്ങിയവയുടെ നടപടികൾ വേഗത്തിലാക്കണമെന്നും എം.പി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |