SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

പുന്നപ്ര–വയലാർ വാരാചരണത്തിന്‌ ഇന്ന്‌ തുടക്കം

ആലപ്പുഴ: എൺപതാമത് പുന്നപ്ര – വയലാർ രക്‌തസാക്ഷിവാരാചരണത്തിന്‌ ഇന്ന് തുടക്കമാകും. സി എച്ച്‌ കണാരൻ ദിനമായ ഇന്ന് മുതൽ വയലാർ ദിനമായ 27 വരെയാണ്‌ വാരാചരണം. രക്‌തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്‌ രക്‌തസാക്ഷി മണ്ഡപത്തിലും സമരപോരാളികൾ വെടിയേറ്റുവീണ പുന്നപ്ര സമരഭൂമിയിലെ രക്‌തസാക്ഷി മണ്ഡപത്തിന്‌ മുന്നിലും മാരാരിക്കുളം രക്‌തസാക്ഷി മണ്ഡപത്തിലും ഇന്ന് ചെങ്കൊടി ഉയരും. വയലാറിൽ 21 നാണ്‌ പതാക ഉയരുക.
വലിയ ചുടുകാട്ടിൽ വൈകിട്ട്‌ അഞ്ചിന്‌ വിപ്ലവഗായിക പി.കെ.മേദിനി പതാക ഉയർത്തും. പുന്നപ്ര സമരഭൂമിയിൽ വൈകിട്ട്‌ 5.30 ന്‌ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ.കെ.യനും മാരാരിക്കുളത്ത്‌ വൈകിട്ട്‌ ആറിന്‌ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും പതാക ഉയർത്തും.
വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക മേനാശേരിയിൽനിന്ന് ഇന്ന് പ്രയാണം തുടങ്ങും. രാവിലെ ഒമ്പതിന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമന് പതാക കൈമാറും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 21ന്‌ ജാഥ രക്തസാക്ഷി മണ്ഡപത്തിൽ എത്തും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പതാക ഉയർത്തും. പോരാളികളെ സമരഭൂമിയിൽ 23ന്‌ അനുസ്‌മരിക്കും. മേനാശേരിയിൽ 25 നും 26 ന്‌ മാരാരിക്കുളത്തും 27 ന്‌ വയലാറിലും അനുസ്‌മരണം നടക്കും. സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ രൂപീകരിച്ച വാരാചരണ കമ്മിറ്റികളാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌. ഇരുകമ്യൂണിസ്‌റ്റ്‌ പാർട്ടികളുടെയും നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. സമരകേന്ദ്രങ്ങളിൽ പതാക–കൊടിമരജാഥകൾ, പതാക ഉയർത്തൽ, ദീപശിഖാ റിലേ, രക്‌തസാക്ഷി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന, അനുസ്‌മരണ സമ്മേളനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL