ആലപ്പുഴ: തീരദേശ റെയിൽപ്പാതയിലെ യാത്രക്കാരുടെ ദുരിതം അവസാനിക്കണമെങ്കിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന്
ആവശ്യം. 7.25ന് ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവിന് റേക്കുകൾ 12ൽ നിന്ന് 16 ആക്കിയിട്ടും തിരക്കിന് കുറവില്ല.
ഇതിന് പരിഹാരമായി നിലവിലെ ട്രെയിനുകളുടെ സമയത്തിൽ മാറ്റംവരുത്തി പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നതാണ് ആവശ്യം.
ഹരിപ്പാട്, അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് നിരവധി യാത്രക്കാർ എറണാകുളത്തേക്ക് സ്ഥിരമായി യാത്രചെയ്യുന്നുണ്ട്. ഇവർക്ക് രാവിലെ 9മണിയോട് അടുപ്പിച്ച് എറണാകുളത്ത് എത്തണമെങ്കിൽ ആറുമണിക്ക് മുമ്പായി വീട്ടിൽ നിന്നിറങ്ങണം. തുച്ഛമായ കൂലിക്ക് എത്തുന്ന ക്ലീനിംഗ് സ്റ്റാഫ് വരെ ഇക്കൂട്ടത്തിലുണ്ട് ഇവർക്ക് സഹായകമാകുന്ന തരത്തിൽ സർവീസ് പുന:ക്രമീകരിക്കണം. കോട്ടയം വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ തീരദേശപാതയോട് റെയിൽവേ വലിയ അനീതിയാണ് കാട്ടുന്നതെന്നും ആക്ഷേപമുണ്ട്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിലേക്ക് പോകാനുള്ള ക്യാൻസർ രോഗികൾ വരെ ട്രെയിനുകൾ തിക്കിലും തിരക്കിലും നിന്നുപോകേണ്ട അവസ്ഥയിലാണ്.
കയറിപ്പറ്റാൻ സർക്കസ് അറിയണം
രാവിലെ 7.25ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന മെമു 7.15ന് ആക്കി 8.45ന് എറണാകുളം സൗത്തിൽ എത്തുന്ന സർവീസാക്കണം.
7.20ന് കായംകുളത്ത് നിന്ന് പുറപ്പെടുന്ന മറ്റൊരു മെമു അനുവദിച്ച് ഹരിപ്പാട്, അമ്പലപ്പുഴവഴി 9.30ന് എറണാകുളത്ത് എത്തുന്ന സർവീസ് ആരംഭിക്കണം
ആലപ്പുഴയിൽ മൂന്ന് പ്ലാറ്റ് ഫോമിന് പകരം അഞ്ചാക്കി ഉയർത്തണം.
വൈകിട്ട് 6.25ന് പുറപ്പെടുന്ന എറണാകുളം-കായംകുളം പാസഞ്ചർ ആറുമണിക്കാക്കി 8 മണിയോടെ കായംകുളത്ത് എത്തുന്ന സർവീസാക്കണം
ഏഴിന് മറ്റൊരു പാസഞ്ചർ സർവീസ് കൂടി ആരംഭിക്കണം. 8.10നുള്ള എറണാകുളം-കായംകുളം മെമുവിന് ശേഷം മറ്റൊരു സർവീസ് ആരംഭിക്കണം.വൈകിട്ട് നാലിന് സൗത്തിൽനിന്ന് പുറപ്പെട്ടിരുന്ന എറണാകുളം-കായംകുളം മെമു പുന:സ്ഥാപിക്കണം
രാവിലെ 9.25ന് എറണാകുളത്തുനിന്ന് ആലപ്പുഴയിലെത്തുന്ന മെമു കൊല്ലത്തേക്ക് നീട്ടണം. കൊല്ലത്തുനിന്ന് ഈ ട്രെയിൻ മൂന്നുമണിക്ക് മുമ്പായി ആലപ്പുഴയിലെത്തിയാൽ എം.ജി.ആർ ചെന്നൈ സെൺട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന് പോകാനുള്ളവർക്ക് സഹായരമാകും
പുതിയ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയ്ക്കും എം.പിക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ നടപടികൾ വൈകുകയാണ്. യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിൽ ട്രെയിൻ സർവീസുകൾ പുനക്രമീകരിക്കണം
രതീഷ് പൊന്നപ്പൻ,
അഡ്വൈസർ
തിരുക്കൊച്ചി റെയിൽവേ കമ്യൂട്ടേഴ്സ്
വെൽഫെയർ അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |