ആലപ്പുഴ: കിഫ്ബിക്കെതിരെ അന്വേഷണവും നടപടികളും പുരോഗമിക്കുമ്പോൾ കുട്ടനാട്ടിലേതുൾപ്പെടെ ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലാകും. ജില്ലയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ് വഴി ആവിഷ്കരിച്ച ചെറുതും വലുതുമായ ഒരു ഡസനിലധികം കുടിവെള്ള പദ്ധതികൾക്കാണ് സർക്കാർ നീക്കം തിരിച്ചടിയാകുന്നത്.
കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലെ 2 ലക്ഷത്തിലധികം ആളുകൾക്ക് കുടിവെള്ളം എത്തിക്കാനായി ആവിഷ്കരിച്ച രണ്ടാം ഘട്ട കുടിവെള്ള പദ്ധതിയും ആലപ്പുഴ, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ പദ്ധതികളുടെ നടത്തിപ്പും ആശങ്കയിലാണ്. കിഫ്ബി പദ്ധതികൾക്ക് ഇനി സർക്കാർ പണം അനുവദിക്കാൻ സാദ്ധ്യതയില്ലെന്ന ആശങ്കയിൽ കരാറുകാർ പണികൾ ഏറ്രെടുക്കാനോ, പൂർത്തീകരിക്കാനോ തയ്യാറാകാത്ത സാഹചര്യം കൂടി വന്നതോടെ വേനലിന് മുമ്പ് കമ്മിഷൻ ചെയ്യാമെന്ന് കരുതിയ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പും അവതാളത്തിലായി.
പമ്പാനദിയിലെ വെള്ളം നീരേറ്റുപുറത്തെ 30 എം.എൽ.ഡി ശുദ്ധീകരണ ശാലയിൽ ശുദ്ധീകരിച്ച് രാമങ്കരി, ചമ്പക്കുളം, പുളിങ്കുന്ന്, കാവാലം, നെടുമുടി, കൈനകരി, വീയപുരം എന്നിവിടങ്ങളിൽ ഓവർഹെഡ് ടാങ്കുകളും വിതരണ ശൃംഖലകളും സ്ഥാപിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യമെങ്കിൽ നിർമ്മാണം നിലവിൽപല ഘട്ടങ്ങളിലാണ്. ഈവർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പൂർത്തീകരിക്കാമെന്ന് കരുതിയ പദ്ധതികൾ പലതും കിഫ്ബി വിരുദ്ധ നീക്കത്തോടെ പിറകോട്ടടിച്ച നിലയിലാണ്.
ഡസനോളം പദ്ധതികൾ അവതാളത്തിൽ
1.ആലപ്പുഴ നഗരസഭ, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കുടിവെള്ള വിതരണം ആധുനികവത്കരിക്കാൻ 211.70 കോടിയുടെ പ്രവൃത്തിയിൽ
ചാത്തനാട്, വാടയ്ക്കൽ എന്നിവിടങ്ങളിൽ 16 ലക്ഷം ലിറ്ററിന്റെയും കാട്ടൂരിൽ 12 ലക്ഷം ലിറ്ററിന്റെയും ഓവർഹെഡ് ടാങ്കുകളും പമ്പ് ഹൗസുകളും ഇനിയും പൂർത്തിയാക്കാനുണ്ട്
2. ചെങ്ങന്നൂർ മുനിസിപ്പാലിറ്റിക്കും ആല, പുലിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെണ്മണി എന്നീ പഞ്ചായത്തുകൾക്കുമായി 199.13 കോടി രൂപയുടെ പദ്ധതി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചെങ്കിലും 434 കോടിയായി വർദ്ധിപ്പിച്ചാലേ ഇത് പൂർത്തിയാക്കാൻ കഴിയൂ
3. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച ഫണ്ടുകളും പദ്ധതികളുമെല്ലാം അന്വേഷണ വിധേയമാക്കാൻ നിലവിലെ സർക്കാർ തീരുമാനിച്ചിരിക്കെ, അതിന്റെ പേരിൽ പദ്ധതികൾ വൈകിയാൽ ഇപ്പോൾ അനുവദിച്ച തുകകൾ കൊണ്ട് പലതും പൂർത്തിയാക്കാൻ കഴിയാതെ വരും
കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഒട്ടനവധി പ്രവൃത്തികൾക്ക് കരാറുകാർക്ക് കോടികൾ കുടിശികയായിരിക്കെ, കിഫ്ബിക്കെതിരായ നീക്കങ്ങൾ നടന്നുവരുന്ന ജോലികളെ ഉൾപ്പെടെ കാര്യമായി ബാധിക്കും. പ്രവൃത്തി അനന്തമായി നീണ്ടാൽ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാതെ പണികൾ പൂർത്തിയാക്കാൻ കഴിയില്ല
-സി.സുരേഷ് കുമാർ, ഗവ.കരാറുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |