
ആലപ്പുഴ: പതിറ്റാണ്ടുകളായി ആലപ്പുഴ നഗരവും ആര്യാടും കേന്ദ്രീകരിച്ച് സേവന പ്രവർത്തനങ്ങളിൽ സജീവമായി തുടരുന്ന തോണ്ടൻകുളങ്ങര ദേവകലയിൽ ടി.ഒ.ദേവദാസ് ഇന്ന് 79ന്റെ നിറവിൽ. കേരളകൗമുദി ഏജന്റായ ടി.ഒ.ദേവദാസ് പത്ര വിതരണ രംഗത്ത് 59 വർഷങ്ങൾ പിന്നിട്ടു. സ്വന്തം വരുമാനത്തിന്റെ വലിയൊരു പങ്കും സാമൂഹിക സേവനത്തിനായാണ് നീക്കിവയ്ക്കുന്നത്. കിടപ്പുരോഗികൾക്കും, പാവങ്ങൾക്കും, നിർദ്ധന വിദ്യാർത്ഥികൾക്കും മുടങ്ങാത്ത കരുതലിന്റെ കൈത്താങ്ങാണ് ദേവദാസ്. പത്രവിതരണത്തിനിടയിലാണ് പലപ്പോഴും സഹായം ആവശ്യമുള്ളവരെ കണ്ടുമുട്ടുക. ഇരുചെവി അറിയാതെ അവരിലേക്ക് സഹായം എത്തിക്കുന്നതാണ് പതിവ്. റംസാൻ കാലത്ത് ഒരു തുകയും, ക്രിസ്മസ് കാലത്ത് നിരവധി പാക്കറ്റ് കേക്കുകളും നൽകുന്ന അഭ്യുദയകാംക്ഷികളുണ്ട്. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ആ സുമനസുകൾക്ക് വേണ്ടി അർഹമായവരിലേക്ക് ദേവദാസ് ഈ സഹായമെത്തിക്കും. അടുത്തിടെ പതിനൊന്ന് മാസത്തോളം പഠനം മുടങ്ങി വീട്ടിലിരുന്ന കുട്ടിയെ പ്രചോദിപ്പിച്ച് സ്കൂളിലേക്ക് അയക്കാനായതും, മദ്യപാനിയുടെ കുടി നിർത്തിച്ച് കുടുംബത്തെ രക്ഷിക്കാനായതും നിയോഗമായാണ് ദേവദാസ് കാണുന്നത്.
പത്രവുമായി ബന്ധപ്പെട്ട ജീവിതമായതിനാൽ കെ.ആർ.ഗൗരി അമ്മ ഉൾപ്പടെ ഒട്ടനേകം പ്രമുഖരുമായി അടുത്ത് ഇടപഴുകാൻ സാധിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന കുട്ടികളെ വർഷങ്ങളായി ദേവദാസ് വീടുകളിലെത്തി അനുമോദിക്കാറുണ്ട്. പോക്കറ്റടി ശല്യം രൂക്ഷമായിരുന്ന ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിസ്സഹായരായി നിന്ന നിരവധിപ്പേർക്കാണ് ദേവദാസ് കൈയയച്ച് സഹായമെത്തിച്ചത്. ദേവദാസിന്റെ നിരന്തര ഇടപെടലാണ് പിൽക്കാലത്ത് സ്റ്റാൻഡിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കാൻ കാരണമായത്. റിട്ട അങ്കണവാടി വർക്കർ ശശികലയാണ് ഭാര്യ. ഹോമിയോ ഡോക്ടറായ ദിവ്യദാസും, മാവേലിക്കര താലൂക്ക് ഓഫീസ് ജീവനക്കാരി ദിവ്യദാസുമാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |