SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

കൃഷിക്ക് ഭീഷണിയായി മഴയും വേലിയേറ്റവും

ആലപ്പുഴ : രണ്ടാംകൃഷിയുടെ കൊയ്ത്തിനും പുഞ്ചകൃഷിയുടെ വിതയ്ക്കുമിടെയുണ്ടായ അപ്രതീക്ഷിത മഴയും വേലിയേറ്റവും കുട്ടനാട്ടിൽ കർഷകരെ ദുരിതത്തിലാക്കി. ന്യൂനമർദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനുംദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ പാടങ്ങളിലെയും ആറുകളിലെയും ജലനിരപ്പ് ഉയർന്നിരിക്കെ വേലിയേറ്റം കൂടി ശക്തമായതാണ് ദുരിതം ഇരട്ടിയാക്കിയത്. ഈ മാസം അവസാനം പുഞ്ചകൃഷിയുടെ വിത പൂർത്തീകരിക്കാനായിരുന്നു കർഷകരുടെയും പാടശേഖരസമിതികളുടെയും തീരുമാനം. വിതയ്ക്കായി പാടങ്ങളൊരുക്കിയിട്ടിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസങ്ങളിൽ മഴ തകർത്ത് പെയ്തത്. മോട്ടോറുകളുടെ സഹായത്തോടെ പല പാടങ്ങളിലും വെള്ളം വറ്റിക്കാൻ തുടങ്ങിയെങ്കിലും മഴയെത്തുടർന്ന് തുടർച്ചയായുണ്ടായ വൈദ്യുതി തകരാറും ന്യൂനമർദ്ദത്തിന്റെ ഭാഗമായി കടലിൽ നിന്നുള്ള അതിശക്തമായ വേലിയേറ്റവും പമ്പിംഗിന് തടസമായി.

കൃഷിവകുപ്പ് യഥാസമയം വിത്ത് ലഭ്യമാക്കാതിരുന്നതാണ് പുഞ്ചകൃഷിയുടെ വിത വൈകിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച അസാധാരണ പ്രതിസന്ധി കാരണം, വിത്ത് ഇപ്പോൾ ലഭ്യമായാൽ പോലും ഉടനെങ്ങും വിത പൂർത്തിയാക്കാനാകില്ല. ഇന്നലെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും നിലവിലെ അവസ്ഥയിൽ വൃശ്ചിക വേലിയേറ്റം ഉടൻ ആരംഭിക്കുമെന്നിരിക്കെ പാടത്തെ വെള്ളം ഇറങ്ങുന്നതനുസരിച്ച് മാത്രമേ വിത പൂർത്തിയാക്കാൻ കഴിയൂ. ഒരാഴ്ചയ്ക്കകം കുട്ടനാട്ടിലെ എല്ലാ പാടങ്ങൾക്കും വിത്ത് ലഭ്യമാക്കാനാ‌കുമെന്ന കൃഷി വകുപ്പിന്റെ ഉറപ്പ് വിശ്വസിച്ചാൽ പോലും ലഭിച്ച വിത്ത് കുതിർത്ത് കിളിർപ്പ് പരിശോധിച്ചശേഷമേ വിതയ്ക്കാനാകൂ. അതിനും കുറഞ്ഞത് നാലഞ്ച് ദിവസമെടുക്കും. വിത അനിശ്ചിതമായി നീണ്ടാൽ മാർച്ച് - ഏപ്രിൽ മാസത്തെ കൊടും ചൂട് വിളവെടുപ്പിന് ഭീഷണിയാകും.രണ്ടാം കൃഷിയുടെ നെല്ല് സംഭരണം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ലിന്റെ വിലയോ സംഭരണ നയമോ പ്രഖ്യാപിക്കാൻ സർക്കാർ കൂട്ടാക്കാത്തതും കർഷകരിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നെല്ല് നിലംപൊത്തി

1. കതിരായ നെൽച്ചെടികൾ കഴിഞ്ഞദിവസങ്ങളിലെ അതിശക്തമായ മഴയിലും കാറ്റിലും മിക്ക പാടങ്ങളിലും നിലംപൊത്തി

2. വെള്ളത്തിൽ ദിവസങ്ങളോളം കതിർ മുങ്ങിക്കിടക്കാനിടയാകുന്നത് നെല്ല് കിളിർക്കാനിടയാകും

3. ആറുകളിലെ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ കൈത്തോടുകളിലും പാടങ്ങളിലും നിന്ന് വെള്ളം ഇറങ്ങുകയുള്ളൂ

4. ഒടിഞ്ഞുവീണ നെല്ല് കൊയ്തെടുക്കാൻ കൂടുതൽ സമയമെടുക്കുന്നത് കൊയ്ത്ത് യന്ത്രങ്ങളുടെ വാടക കൂടാനും ഇടയാക്കും

പുഞ്ചകൃഷിക്ക് ആവശ്യമായ വിത്തിന്റെ ഇൻഡന്റ് മാസങ്ങൾക്ക് മുമ്പ് പാടശേഖര സമിതികൾ രേഖാമൂലം കൃഷി ഭവനുകളിൽ എത്തിച്ചിട്ടും സമയബന്ധിതമായി വിത്ത് ലഭ്യമാക്കാത്തത് പ്രതിഷേധാർഹമാണ്. വിത താമസിച്ചാൽ കൊയ്ത്തിനെ ബാധിക്കും. വേനൽമഴയിൽ വ്യാപക കൃഷിനാശത്തിനുമിടയാക്കും. അധികൃതരുടെ അലംഭാവം നീതികരിക്കാനാകില്ല. -

- സോണിച്ചൻ പുളിങ്കുന്ന്, സംസ്ഥാന ജനറൽ സെക്രട്ടറി, നെൽ കർഷക സംരക്ഷണ സമിതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL