SignIn
Kerala Kaumudi Online
Friday, 23 October 2026 5.50 PM IST

ഗ്രാന്റ് മുടങ്ങി​:സ്പെഷ്യൽ സ്കൂളുകൾ തൃശങ്കുവിൽ

special-school

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ് ലഭിക്കാതായതോടെ ജില്ലയിലെ 14 സ്‌പെഷ്യൽ സ്കൂളുകൾ സാമ്പത്തിക പ്രതിസന്ധിയിൽ. 18 വയസിൽ താഴെ പ്രായമുള്ള 20 കുട്ടികൾ ഉണ്ടെങ്കിലേ ഗ്രാന്റിന് അർഹതയുള്ളൂ എന്ന ചട്ടമാണ് പ്രതിസന്ധി.

ജില്ലയിൽ 32 സ്‌പെഷ്യൽ സ്കൂളുകളുണ്ട്. 2023-24 വരെ ലഭിച്ച ഫണ്ടാണ് മുടങ്ങിയത്. നാലു മുതൽ അഞ്ചുലക്ഷം രൂപ വരെയാണ് നൽകുന്നത്. സംസ്ഥാനത്ത് 44 സ്കൂൾ പ്രതിസന്ധിയിലാണ്. പലയിടത്തും സ്കൂൾ മാനേജ്മെന്റും അദ്ധ്യാപകരും കൈയിൽ നിന്ന് പണം മുടക്കിയാണ് പ്രവർത്തനം.

ഭക്ഷണം കഴിക്കാനോ ടോയ്‌ലെറ്റിൽ പോകാനോ സാധിക്കാത്ത കുട്ടികളാണ് ഏറെയും. ഇക്കാരണത്താൽ കുട്ടികളെ വീട്ടിൽ നിറുത്താൻ സാധിക്കാറില്ല. കൂടാതെ നിലവിലെ സാഹചര്യത്തിൽ പെൺകുട്ടികളെ തനിച്ച് വീട്ടിലാക്കി പോകാൻ രക്ഷകർത്താക്കൾക്ക് ഭയമാണ്.

15 കുട്ടികൾക്ക് ഒരു ആയ, എട്ടു കുട്ടികൾക്ക് ഒരു ടീച്ചർ എന്നതാണ് കണക്ക്. സ്കൂളിലെ ഭൗതിക സാഹചര്യങ്ങളും ജീവനക്കാരുടെ ശമ്പളവും മുടങ്ങി. 18 വയസിനു താഴെയുള്ള ഒരു കുട്ടിയെങ്കിലുമുള്ള ബഡ്‌സ് സ്കൂളുകൾക്ക് അംഗീകാരം നൽകുന്നിടത്താണ് സ്പെഷ്യൽ സ്കൂളുകളോടുള്ള വിവേചനം.

 സംയുക്ത സമര സമിതി പ്രതിഷേധം

സ്പെഷ്യൽ സ്കൂളുമായി ബന്ധപ്പെട്ട് പ്രവ‌ർത്തിക്കുന്ന അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസേബിൾസ് (എ.ഐ.ഡി), പേരന്റ്സ് അസോസിയേഷൻ ഒഫ് ഇന്റലക്ച്വലി ഡിസേബിൾസ് (പി.എ.ഐ.ഡി), സ്‌പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എസ്.എസ്.ഇ.യു), അസോസിയേഷൻ ഫോർ ദി വെൽഫെയർ ഒഫ് സ്‌പെഷ്യഷ സ്കൂൾ സ്റ്റാഫ് (എ.എസ്.ഡബ്ല്യു.എ.എസ്), സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് (എസ്.ഒ.ബി), മാനേജ്മെന്റ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾസ് (എം.എ.ഐ.ഡി) എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 19ന് ഗ്രാന്റ് അനുവദിക്കുന്നത് സംബന്ധിച്ച് സെക്രട്ടേറിയറ്റ് സമരം നടത്തിയിരുന്നു. എന്നാൽ ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

ആവശ്യങ്ങൾ

1. ആശ്വാസ കിരണം പദ്ധതി തുക കുടിശികയില്ലാതെ നൽകുക

2. നിരാമയ ഇൻഷ്വറൻസ് പ്രീമിയം തുക സർക്കാർ തന്നെ അടയ്ക്കുക

3. സംസ്ഥാനത്ത് എട്ടു കുട്ടികളെങ്കിലുമുള്ള സ്പെഷ്യൽ സ്കൂളുകൾക്ക് അംഗീകാരം നൽകുക

4. ഭിന്നശേഷിക്കാർക്ക് മറ്റ് വിഭാഗക്കാരിൽ നിന്ന് 25 ശതമാനം അധികം പെൻഷൻ നൽകണം എന്ന നിയമമുള്ളതിനാൽ സാമൂഹിക സുരക്ഷാ പെൻഷൻ 2000 രൂപയാക്കി ഉയർത്തുക

5. ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാർഡും സമയബന്ധിതമായി ലഭ്യമാക്കുക

ഗ്രാന്റ് ലഭിക്കാത്ത സ്പെഷ്യൽ സ്കൂളുകൾ-14

ജില്ലയിലെ ആകെ സ്പെഷ്യൽ സ്കൂൾ-32

19ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയിരുന്നു. സർക്കാരുമായി ചർച്ച നടത്താനുള്ള തീരുമാനത്തിലാണ് സംയുക്ത സമരസമിതി

സുശീല കുര്യൻ

ജില്ലാ ജനറൽ സെക്രട്ടറി

അസോസിയേഷൻ ഫോർ ദി ഇന്റലക്ച്വലി ഡിസേബിൾഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL