SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

അഞ്ച് ഏഴാക്കലാണ് എൽ.ഡി.എഫ് സ്വപ്നം

d

കൊച്ചി: ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥികൾ ഉഷാറായി രംഗത്തുണ്ട്. സി.പി.എമ്മിൽ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഐക്യത്തിന്റെ കാഹളം കാണാം. അതിനി വോട്ടായി മാറുമോയെന്ന് മാത്രമാണ് കാണാനുള്ളത്.

എന്നും വലത്തോട്ട് ചായുന്ന എറണാകുളത്ത്, കഴിഞ്ഞ വർഷം അഞ്ച് മണ്ഡലമാണ് ഇടതിനൊപ്പം നിലയുറപ്പിച്ചത്. വൈപ്പിൻ, കോതമംഗലം, കൊച്ചി, കളമശേരി, കുന്നത്തുനാട്. ഇവ നിലനിറുത്തുകയും രണ്ട് മണ്ഡലങ്ങളെങ്കിലും അധികം പിടിച്ചെടുക്കലുമാണ് എൽ.ഡി.എഫ് സ്വപ്നം. അതിനുള്ള കഠിനപ്രയത്നത്തിലാണ് സി.പി.എമ്മിന്റെ പാർട്ടി സംവിധാനങ്ങൾ. തൃപ്പൂണിത്തുറയും പെരുമ്പാവൂരും കൂടി തിരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. എന്നാൽ കൈയിലുള്ള വൈപ്പിനിലും കൊച്ചിയിലും കുന്നത്തുനാട്ടിലും പ്രതിരോധം ശക്തമാക്കുകയും വേണം.

വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ പരീക്ഷണങ്ങൾക്ക് മുതിരാത്ത പാർട്ടി, വർഷങ്ങളായി ഒപ്പം നിൽക്കുന്ന വൈപ്പിനിലെ സിറ്റിംഗ് എം.എൽ.എ കെ.എൻ.ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റി.

വൈപ്പിൻ സ്വദേശിനിയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ എം.ബി. ഷൈനിയെ പകരം സ്ഥാനാർത്ഥിയാക്കി. ആയിരത്തിൽ താഴെ വോട്ടുകൾക്ക് കഴിഞ്ഞവട്ടം എം.സ്വരാജിന് നഷ്ടപ്പെട്ട തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തീവ്രയജ്ഞത്തിനാണ് അങ്ങനെ തുടക്കമായത്.

എറണാകുളം ഐ.എസ്.ജെ.ഡിക്ക് നൽകി ഏറ്റെടുത്ത അങ്കമാലിയിൽ തുറുപ്പുചീട്ടായി സി.പി.എം സാജു പോളിനെയാണ് ഇറക്കിയിട്ടുള്ളത്. സൗമ്യനായ മുൻ പെരുമ്പാവൂർ എം.എൽ.എ സാജുവിലൂടെ അങ്കമാലി തിരിച്ചുപിടിക്കാനാണ് ശ്രമം. എറണാകുളത്ത് ഐ.എസ്.ജെ.ഡി സാബു ജോർജിനെ സ്ഥാനാർത്ഥിയാക്കിയതോടെ ലത്തീൻ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പാർട്ടിക്ക് ഇക്കുറി തലപുകയ്‌ക്കേണ്ടിവന്നില്ല. ആലുവയിൽ ആലപ്പുഴക്കാരനായ എ.എം. ആരിഫിനെ എത്തിച്ചു. കൊച്ചിയിലും കോതമംഗലത്തും സിറ്റിംഗ് എം.എൽ.എമാർക്ക് ഇളവ് നൽകി. തൃക്കാക്കരയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പുഷ്പാദാസിനെ സ്ഥാനാർത്ഥിയാക്കിയതോടെ സ്ത്രീ പ്രാതിനിദ്ധ്യം രണ്ടാക്കി.

വിഭാഗീയത ശമിച്ചിട്ടില്ലാത്ത സി.പി.ഐയ്ക്കും ജില്ലയിൽ സ്ഥാനാർത്ഥി പ്രഖ്യാപന ആകുലതകളൊന്നും ഉണ്ടായില്ല. വിവാദങ്ങളൊന്നുമില്ലാതെ പെരുമ്പാവൂരും പിറവത്തും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ വന്നതും എൽ.ഡി.എഫിന് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL