SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

ആരാകും കൊച്ചിയുടെ ക്യാപ്റ്റൻ?​

kochi

കൊച്ചി: കൊച്ചിയിൽ ആരുടെ കപ്പൽ നങ്കൂരമിടും, ഇടതിന്റെയോ വലതിന്റെയോ? കെ.ജെ. മാക്സിയിലൂടെ ചെങ്കൊടിയേന്തിയ കപ്പലടുക്കുമെന്ന് എൽ.ഡി.എഫും കൈവിട്ട കോട്ടയിലേക്ക് മൂവർണക്കൊടി ഉയർത്തിയ കപ്പലിൽ മുഹമ്മദ് ഷിയാസ് വന്നിറങ്ങുമെന്ന് യു.ഡി.എഫും പറയുന്നു. അഡ്വ. സേവ്യർ ജൂലപ്പനിലൂടെ എൻ.ഡി.എയും പ്രതീക്ഷ പുലർത്തുന്നുണ്ട്. തീരദേശ മേഖലയായതിനാൽ മത്സ്യത്തൊഴിലാളികൾ, മാർക്കറ്റ് മേഖലകളിലെ വ്യാപാരികൾ, തുറമുഖഗതാഗത തൊഴിലാളികൾ തുടങ്ങിയവരുടെ വോട്ടുകൾ നിർണായകമാണ്.

ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലമാണ് കൊച്ചി. മുമ്പ് മട്ടാഞ്ചേരി മണ്ഡലമായിരിക്കുമ്പോൾ മുസ്ലിം ലീഗിന്റെ കോട്ടയായിരുന്നു. ഒരുവട്ടം ഇടത് സ്വതന്ത്രൻ എം.എ. തോമസ് കോട്ട കുലുക്കിയതൊഴിച്ചാൽ യു.ഡി.എഫിനൊപ്പമായിരുന്നു മട്ടാഞ്ചേരി. 2001ലും 2006ലും ലീഗ് സ്ഥാനാർത്ഥിയായ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വിജയിച്ചു. 2011ൽ കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന നഗരസഭയുടെ 1 മുതൽ 10 വരെയും 19 മുതൽ 25 വരെയും വാർഡുകളും കുമ്പളങ്ങി പഞ്ചായത്തും ഉൾപ്പെടുത്തി കൊച്ചി മണ്ഡലം നിലവിൽ വന്നു. ഇതോടെ മണ്ഡലത്തിന്റെ സ്വഭാവംമാറി. കോൺഗ്രസും ലീഗും മണ്ഡലങ്ങൾ വച്ചുമാറി. 2016ൽ പക്ഷേ ഡൊമിനിക് പ്രസന്റേഷന് മണ്ഡലം നിലനിറുത്താനായില്ല.

മാജിക് മാക്സി

2016ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വിജയിച്ചുകയറിയ മാക്സി, പിന്നീട് കൊച്ചിയെ ഇടത്തേയ്ക്ക് ചായ്ച്ചു. 2021ൽ എൽ.ഡി.എഫ് വോട്ടുകൾ ഉയർത്തി.

ഇക്കുറിയും കൊച്ചിയിൽ മാക്സിയല്ലാതെ മറ്റൊരു പേരും സ്ഥാനാർത്ഥിയായി സി.പി.എമ്മിന് ഉണ്ടായിരുന്നില്ല. ലത്തീൻ സഭയുമായുള്ള അടുത്ത ബന്ധവും ഗുണം ചെയ്തു. പ്രചാരണത്തിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിലും മുന്നിലെത്താനായത് എൽ.ഡി.എഫ് നേട്ടമായി കാണുന്നു. മണ്ഡലത്തിലെ എല്ലാ സാമുദായിക ഘടകങ്ങളുമായും ബന്ധമുണ്ട് മാക്സിക്ക്.

കന്നിയങ്കത്തിന് ഷിയാസ്

കോൺഗ്രസിനെ സംബന്ധിച്ച് കൊച്ചി സീറ്റ് ഇക്കുറി തലവേദനയായിരുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനായി പ്രതിപക്ഷ നേതാവ് കണ്ടുവച്ചത് കൊച്ചി മണ്ഡലമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ദീപ്തി മേരി വർഗീസും കൊച്ചിയിലേക്ക് പരിഗണിക്കപ്പെട്ടതോടെ സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായെങ്കിലും നറുക്ക് ഷിയാസിന് വീണു. മുഹമ്മദ് ഷിയാസിന്റെ കന്നി അങ്കത്തിൽ മണ്ഡലം പിടിച്ചടക്കാൻ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

വോട്ടുകൂട്ടാൻ സേവ്യർ

മുതിർന്ന അഭിഭാഷകനും ബാർ അസോസിയേഷൻ മുൻ സെക്രട്ടറിയുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സേവ്യർ ജൂലപ്പൻ. 1989ൽ അഭിഭാഷകനായ സേവ്യർ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലായും 2007 മുതൽ 2009 വരെ ഇംഗ്ലണ്ടിൽ സോളിസിറ്ററായും പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് മത്സരരംഗത്തുള്ളത്. 2021ലെ തിരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർത്ഥി ഷൈനി ആന്റണി 19,676 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാൽ 10,991 വോട്ടുകളും നേടിയിരുന്നു. അട്ടിമറിയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL