കൊട്ടാരക്കര: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെടാതെ പുനലൂർ റോഡിലേക്കും തിരികെയും സഞ്ചരിക്കാൻ സഹായിക്കുന്ന സമാന്തര പാത കുണ്ടും കുഴിയുമായി വർഷങ്ങളായി തകർന്നു കിടക്കുന്നു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും ഗോവിന്ദമംഗലം റോഡിലേക്ക് കടക്കുന്ന ഭാഗത്താണ് ഈ ദുരിതാവസ്ഥ. ചന്തമുക്കിൽ നിന്നുമുള്ള ലോട്ടസ് റോഡ് എം.സി റോഡിൽ വന്നുചേരുന്ന ഭാഗത്ത്, നേരെ എതിർവശത്തായി പുലമൺ തോടിന് കുറുകെ രണ്ടാം പാലം നിർമ്മിച്ചാണ് റോഡ് ഒരുക്കിയിട്ടുള്ളത്.
കൈയ്യേറ്റവും കേസും വില്ലനാകുന്നു
എം.സി റോഡിൽ നിന്നും സമാന്തര പാത തുടങ്ങുന്നിടത്ത് സ്വകാര്യ വ്യക്തി നടത്തിയ കൈയ്യേറ്റവും തുടർന്നുണ്ടായ കെട്ടിട നിർമ്മാണവും ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളുമാണ് റോഡ് വികസനത്തിന് പ്രധാന തടസമാകുന്നത്. കെട്ടിടത്തിന്റെ കുറച്ചു ഭാഗം മുൻപ് പൊളിച്ചു മാറ്റിയിരുന്നു. വലിയ വാഹനങ്ങൾക്ക് വരെ കടന്നുപോകാൻ തക്ക വീതിയുള്ള ഈ വഴി കോൺക്രീറ്റോ ടാറിംഗോ നടത്തിയാൽ പ്രദേശത്തെ വാഹനഗതാഗതത്തിന് വലിയ ആശ്വാസമായി മാറും.
സിഗ്നലിൽ കുടുങ്ങാതെ പോകാം
എം.സി റോഡും കൊല്ലം- തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന പുലമൺ ജംഗ്ഷൻ എപ്പോഴും കടുത്ത ഗതാഗതക്കുരുക്കുള്ള മേഖലയാണ്. എന്നാൽ ഈ സമാന്തര പാതയിലൂടെ കഷ്ടിച്ച് 200 മീറ്റർ സഞ്ചരിച്ചാൽ ഗോവിന്ദമംഗലം റോഡിലെത്താം. കുന്നിക്കോട്, പുനലൂർ ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് സിഗ്നലിൽ കുടുങ്ങാതെ എളുപ്പത്തിൽ കൊല്ലം- തിരുമംഗലം ദേശീയപാതയിലേക്ക് കടക്കാൻ ഇതിലൂടെ സാധിക്കും.
നഗരസഭ ഇടപെടണമെന്ന് ആവശ്യം
റോഡിന്റെ ആദ്യ പകുതി ഭാഗത്താണ് ടാറിംഗോ കോൺക്രീറ്റോ ഇല്ലാത്തത്. പാലത്തിന് ശേഷമുള്ള ഭാഗം മുൻപ് ടാർ ചെയ്തിട്ടുണ്ട്. എം.സി റോഡിൽ നിന്നും പാത തുടങ്ങുന്ന താഴ്ചയുള്ള ഭാഗത്ത് കോൺക്രീറ്റ് ചെയ്യാത്തതിനാൽ മഴക്കാലത്ത് പ്രദേശമാകെ ചെളിക്കുളമായി മാറുകയാണ്. പുലമൺ ജംഗ്ഷനിലെ കുരുക്കഴിക്കാൻ ബൈപ്പാസും മേൽപ്പാലവുമടക്കം പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലാകാത്ത സാഹചര്യത്തിൽ, നഗരസഭ മുൻകൈയെടുത്ത് ഈ സമാന്തര പാത ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |