
വണ്ടൂർ: പ്രതിഭയുള്ള ഒരാൾക്ക് വലിയ വേദികളോ വില കൂടിയ ഉപകരണങ്ങളോ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് കരുവാരകുണ്ട് കുട്ടത്തിയിലെ ഹരിദാസ്. ചുരുങ്ങിയ മിനിറ്റുകൾക്കുള്ളിൽ കാൻവാസിൽ ഏതൊരാളുടെയും മുഖചിത്രം ലൈവായി വരച്ചുതീർക്കുന്ന അപൂർവ കഴിവിന്റെ ഉടമയാണ് ഇദ്ദേഹം. പോത്തുകല്ല് മുണ്ടേരിയിലെ സീഡ് ഗാർഡൻ കോംപ്ലക്സിലെ ജീവനക്കാരനാണ് ഹരിദാസ്.
മൂന്ന് വർഷം മുമ്പ് ഓണാഘോഷ പരിപാടിക്കിടെയാണ് ഹരിദാസിന്റെ കഴിവ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ജോലിക്കിടയിലെ ഇടവേളയിൽ ഒരുസുഹൃത്തിന്റെ ചിത്രം മൂന്ന് മിനിറ്റിൽ വരയ്ക്കുന്നത് കണ്ട സഹപ്രവർത്തകൻ ശ്രീനാഥാണ് ഓണാഘോഷ വേദിയിലേക്ക് വഴിയൊരുക്കിയത്. വേദിയിൽ വെച്ച് വെറും അഞ്ച് മിനിറ്റിൽ അന്നത്തെ കൃഷി ഫാം ഡി.ഡി. സിന്ധു കുമാരിയെ വരച്ചുതീർത്ത് ഹരിദാസ് കാണികളെ അത്ഭുതപ്പെടുത്തി.
തുടർന്ന് 2024-25ലെ 'നിറവ്' പരിപാടിയിൽ അന്നത്തെ ഡി.ഡി ഷക്കീല ഹരിദാസിനെ ആദരിക്കുകയും ലൈവ് സ്‌കെച്ച് സ്റ്റാൾ ഒരുക്കാൻ അവസരം നൽകുകയും ചെയ്തു. പിന്നീട് ചുങ്കത്തറ മുട്ടിക്കടവ് ഫാമിലെ 'നിറപൊലി' പരിപാടിയിലും സാന്നിദ്ധ്യമറിയിച്ച ഇദ്ദേഹത്തിന്റെ ലൈവ് സ്റ്റാളുകൾ ഇന്ന് കൃഷി ഫാമിലെ പ്രധാന ആകർഷണമാണ്.
ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിൽ നിലവിലുള്ള 9 മിനിറ്റ് 7 സെക്കൻഡ് എന്ന സമയത്തെ മറികടക്കുന്നതായിരുന്നു ഹരിദാസിന്റെ പ്രകടനം. എന്നാൽ ലൈവ് ജഡ്ജ്‌മെന്റിനായി ആവശ്യമായ ഒരുലക്ഷം രൂപ സാമ്പത്തിക പരിമിതി മൂലം അടയ്ക്കാനാവാത്തതിനാൽ രാജ്യാന്തര അംഗീകാരം കൈവിട്ടുപോവുകയായിരുന്നു.
നിരവധി പ്രമുഖരുടെ ചിത്രങ്ങൾ വരച്ച ഹരിദാസിന് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന വിഷമം സഹപ്രവർത്തകർക്കുണ്ട്. ഭാര്യ ഉഷയും മക്കളായ ഹർഷ, സാരങ്ക്, സഞ്ജയ് എന്നിവരുമടങ്ങുന്ന കുടുംബമാണ് ഈ യാത്രയിൽ ഹരിദാസിന്റെ കരുത്ത്. സാമ്പത്തിക പരിമിതികൾ മറികടന്ന് വലിയ വേദികളിലേക്ക് എത്താനും തന്റെ കലാസപര്യ തുടരാനുമുള്ള തയ്യാറെടുപ്പിലാണ് ഹരിദാസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |