SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

അക്കുവിനെ ‘അട്ടൂക്കയെ’ന്ന് വിളിച്ചു; യുവാവിന് ഗുണ്ടകളുടെ ക്രൂരമർദ്ദനം

aneesh
അത്താണി അനീഷ്

ഗുണ്ടകൾക്കെതിരെയുള്ള

ഡ്രൈവിൽ 3 പേർ അറസ്റ്റിൽ

കൊച്ചി: ഗുണ്ടകളെ തൂത്തുവാരി അകത്തിടാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക സ്ക്വാ‌ഡ് രൂപീകരിച്ചതിന് പിന്നാലെ മൂന്നു ഗുണ്ടകളെ പൂട്ടി സെൻട്രൽ പൊലീസ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ രണ്ട് പേരെ എറണാകുളം സബ്‌ജയിലിന് മുന്നിൽ നിന്നും മറ്റൊരാളെ നഗരത്തിലെ കോളനിയിൽ നിന്നുമാണ് പിടിച്ചത്. മൂന്നു പേരും പൊലീസിന്റെ സ്റ്റേഷൻ റൗഡി പട്ടികയിൽപ്പെട്ട ഗുണ്ടകളും ഏത് നിമിഷവും കാപ്പ ചുമ‌ത്താൻ യോഗ്യരായവരുമാണെന്ന് പൊലീസ്. എം.ജി റോഡിലെ ചായക്കടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

മയക്കുമരുന്ന് കേസിൽ 8 കൊല്ലം ജയിലിൽ കിടന്ന് 2 മാസം മുൻപ് പുറത്തിറങ്ങിയ മട്ടാഞ്ചേരി കൊളംബോ ജംഗ്ഷന് സമീപം അത്താണി അനീഷ് (40), ജയിലുകളിൽ 5 കൊല്ലത്തെ ‘പരിചയസമ്പത്തുള്ള’ മട്ടാഞ്ചേരി ഈരുവേലിൽ സുൾഫിക്കർ (28), കടവന്ത്ര ഉദയാനഗർ കോളനിയിൽ കൊച്ച് അനീഷ് (48) എന്നിവരാണ് അറസ്റ്റിലായത്. അത്താണി അനീഷും സുൾഫിക്കറും മറ്റൊരു കേസിൽ തൃശൂരിൽ നിന്ന് അറസ്റ്റിലായി റിമാൻഡിലായിരുന്നു. ഈ കേസിൽ ജാമ്യം കിട്ടി ജയിലിന് പുറത്തിറങ്ങിയപ്പോഴാണ് അടുത്ത പണി കിട്ടിയത്.

അക്കു കത്തിയെടുത്തു ...

അത്താണി അനീഷ് എന്നറിയപ്പെടുന്ന അനീഷിനെ അടുപ്പമുള്ളവർ അക്കു എന്നാണ് വിളിക്കുന്നത്. 16ന് പുലർച്ചെ എം.ജി റോഡിലെ ടീ ഷോപ്പിൽ കൂട്ടാളികൾക്കൊപ്പം എത്തിയ അനീഷിനെ കാസർകോ‌‌ട് ബേക്കൽ പള്ളിക്കര സ്വദേശി മുസ്താക്ക് എന്ന യുവാവ് അട്ടൂക്കയെന്ന് കളിയാക്കി വിളിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കഫേ ജീവനക്കാരനായ യുവാവിന് അനീഷിനെ മുൻപരിചയമുണ്ട്. പ്രകോപിതനായ അനീഷ് ആദ്യം താക്കോൽകൂട്ടം ഉപയോഗിച്ച് മുസ്താക്കിന്റെ കഴുത്തിന് വരഞ്ഞു. ഒപ്പമുണ്ടായിരുന്നവർ ഇടിച്ചും പരിക്കേൽപ്പിച്ചു. അക്കു യുവാവിന് നേരെ കത്തി വീശിയെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ രക്ഷപ്പെട്ടു. ഇതോടെ കത്തിയുടെ പിടി ഉപയോഗിച്ച് ദേഹമാസകലം കോറി പരിക്കേൽപ്പിച്ചു. ആൾക്കാർ ഓടിയെത്തിയതോടെ ബൈക്കുകളിൽ ഗുണ്ടകൾ സ്ഥലം വിട്ടു.

കടയുടമയെ ഭീഷണിപ്പെടുത്തി

ഭക്ഷണം കഴിച്ച വകയിലെ 1000 രൂപയുടെ ബില്ലടക്കാൻ ആവശ്യപ്പെട്ട കടയുടമയെയും കത്തികാട്ടി ഭീഷണിപ്പെടുത്തി. ഈ കേസിലാണ് അനീഷും സുൾഫിക്കറും ആദ്യം അറസ്റ്റിലായതും ജാമ്യം കിട്ടിയതും. ഇതേകേസിൽ പ്രതിയായ മറ്റൊരു ഗുണ്ട അൻസിൽ ഷാ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലാണ്. രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. സെൻട്രൽ ഇൻസ്പെക്ടർ എം.ജെ. ജിജോ, എസ്.ഐ സുബോധ്, എസ്.ഐ ഇ.എം. ഷാജി, പൊലീസ് ഉദ്യോഗസ്ഥരായ ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത് കൃഷ്ണൻ, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL