SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.41 AM IST

മണ്ഡലങ്ങളിലൂടെ... ആധിപത്യം ഉറപ്പിച്ച് യു.ഡി.എഫ്,​ അട്ടിമറി മോഹിച്ച് എൽ.ഡി.എഫ്

election

കൊച്ചി: സമ്മതിദാനാവകാശം രേഖപ്പെടുത്താൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ തീവ്രപ്രചാരണമാണ് മുന്നണികൾ കാഴ്‌ചവച്ചത്. ജില്ലയിൽ ആധിപത്യം നേടുമെന്ന് മാത്രമല്ല, ഏതാനും സീറ്റുകൾ കൂടുതൽ നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. അട്ടിമറിവിജയം നേടുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വോട്ടുവിഹിതത്തിലെ വൻവർദ്ധനവാണ് എൻ.ഡി.എയുടെ ആത്മവിശ്വാസം.

എറണാകുളം

കോൺഗ്രസിന്റെ പരമ്പരാഗത സീറ്റിൽ യു.ഡി.എഫ് വിജയം ഉറപ്പിച്ചു. സിറ്റിംഗ് സീറ്റിൽ ടി.ജെ. വിനോദിനെതിരെ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിലെ സാബു ജോർജ് മികച്ച പ്രചാരണം നടത്തിയെങ്കിലും അട്ടിമറിക്ക് വകയില്ല.

പെരുമ്പാവൂർ

ക്രൈസ്‌തവസഭകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ പതിവിലേറെ വാശിയുണ്ട്. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ മാറ്റി മനോജ് മൂത്തേടൻ മത്സരിക്കുന്നു. കേരള കോൺഗ്രസിലെ ബേസിൽ പോളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുൻ കോൺഗ്രസുകാരനായ ജിബി വർഗീസാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

അങ്കമാലി

ജനതാദളിൽ നിന്ന് സി.പി.എം ഏറ്റെടുത്ത സീറ്റിൽ വിജയം ആവർത്തിക്കുമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു. സി.പി.എമ്മിലെ സാജു പോൾ മത്സരം കാഴ്ചവച്ചെങ്കിലും റോജി എം. ജോണിനാണ് മുൻതൂക്കം. ട്വന്റി 20യുടെ പ്രോമി കുര്യാക്കോസാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

ആലുവ

സിറ്റിംഗ് എം.എൽ.എ അൻവർ സാദത്തിനെ നേരിടാൻ എ.എം ആരിഫിനെ എൽ.ഡി.എഫ് രംഗത്തിറക്കിയെങ്കിലും അട്ടിമറിക്ക് സാദ്ധ്യതയില്ല. യു.ഡി.എഫ് മേഖലകളിൽ വിള്ളലുണ്ടാകുമെന്ന് എൽ.ഡി.എഫ് പറയുന്നു. എം.എ ബ്രഹ്മരാജാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കളമശേരി

മന്ത്രി പി. രാജീവ് വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫിന് ഉറപ്പുള്ള മണ്ഡലം. മുസ്ളീം വോട്ടുകളിലാണ് യു.ഡി.എഫിലെ വി.ഇ. അബ്ദുൾ ഗഫൂറിന്റെ പ്രതീക്ഷ. ബി.ഡി.ജെ.എസിലെ ബിനുവാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

പറവൂർ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലത്തിൽ അത്ഭുതങ്ങൾക്ക് വകയില്ല. ടി.ടി. ടൈസണ് വിജയം എളുപ്പമല്ലെന്ന് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നു. വത്സല പ്രസന്നകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

വൈപ്പിൻ

പുതുമുഖമായ എം.ബി. ഷൈനിയിലൂടെ സീറ്റ് നിലനിറുത്തുമെന്നാണ് എൽ.ഡി.എഫ് കണക്ക്. മുൻ കൊച്ചി മേയർ ടോണി ചമ്മിണി ശക്തമായ മത്സരം കാഴ്ചവയ്‌ക്കുന്ന മണ്ഡലത്തിൽ യു.ഡി.എഫും പ്രതീക്ഷയിലാണ്. അനിത തോമസാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കൊച്ചി

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എതിരാളിയാണെങ്കിലും സിറ്റിംഗ് സീറ്റിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫിലെ കെ.ജെ. മാക്‌സി. ലത്തീൻ സമുദായവോട്ടുകൾ വിജയം നിർണയിക്കും. സേവ്യർ ജൂലപ്പനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

തൃപ്പൂണിത്തുറ

വിജയിക്കുമെന്ന് ഇരുമുന്നണികളും പറയുന്ന തൃപ്പൂണിത്തുറയിൽ കടുത്ത മത്സരമാണ്. എൽ.ഡി.എഫിലെ കെ.എൻ. ഉണ്ണിക്കൃഷ്‌ണനും യു.ഡി.എഫിലെ ദീപക് ജോയിയും തമ്മിലാണ് മത്സരം. സിനിമാനടി അഞ്ജലിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

തൃക്കാക്കര

വനിതകൾ ഏറ്റുമുട്ടുന്ന തൃക്കാക്കരയിൽ ഉമ തോമസ് വിജയം ആവർത്തിക്കാനാണ് സാദ്ധ്യത. പി.ടി. തോമസിന്റെ ഭാര്യയെന്ന വൈകാരികതയും എം.എൽ.എയെന്ന നിലയിലെ പ്രവർത്തനവുമാണ് കരുത്ത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന പുഷ്പദാസ് സ്വീകാര്യത നേടിയിട്ടുണ്ടെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സിനിമാനടൻ അഖിൽ മാരാരാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കുന്നത്തുനാട്

സംവരണ മണ്ഡലത്തിൽ തീപാറുന്ന ത്രികോണ മത്സരമാണ്. വി.പി. സജീന്ദ്രൻ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. സിറ്റിംഗ് എം.എൽ.എ പി.വി. ശ്രീനിജിൻ കടുത്ത മത്സരമാണ് നേരിടുന്നത്. ശക്തികേന്ദ്രത്തിൽ ട്വന്റി 20യു‌‌ടെ ബാബു ദിവാകരനും സ്വീകാര്യത ലഭിച്ചതോടെ മത്സരം പ്രവചനാതീതമാണ്.

പിറവം

കേരള കോൺഗ്രസ് നേതാവ് അനൂപ് ജേക്കബിന് വെല്ലുവിളി ഉയർത്താൻ എൽ.ഡി.എഫിലെ സാബു കെ. തോമസിന് കഴിഞ്ഞിട്ടില്ല. കേരള കോൺഗ്രസുകാർ ഏറ്റുമുട്ടുന്ന മണ്ഡലത്തിൽ വിസ്‌മയത്തിന് വകയില്ല. ജിബി എബ്രഹാമാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

മൂവാറ്റുപുഴ

സിറ്റിംഗ് എം.എൽ.എ മാത്യു കുഴൽനാടനും യുവനേതാവ് എൻ. അരുണുമാണ് മുഖ്യപോരാളികൾ. എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്. സണ്ണി കടുത്താഴയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

കോതമംഗലം

ശക്തമായ പോരാട്ടമാണ് കോതമംഗലത്ത്. സിറ്റിംഗ് എം.എൽ.എ ആന്റണി ജോണിലൂടെ വിജയം ആവർത്തിക്കുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയവും പ്രാദേശികവുമായ വിഷയങ്ങൾ ഇക്കുറി അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അജി നാരായണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, JILLA POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL